lahar

കട്ടപ്പന: വാഗമണ്ണിൽ ലഹരി പാർട്ടി നടക്കാൻ സാദ്ധ്യതയുള്ളതായി പൊലീസിന് വിവരം ലഭിച്ചത് കഴിഞ്ഞ ദിവസം കൊച്ചിയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായവരിൽ നിന്നാണ്

ഇതിൽ പങ്കെടുക്കാൻ കൊച്ചിയിൽ നിന്നും സിനിമാ പ്രവർത്തകരടക്കം എത്താൻ സാദ്ധ്യതയുണ്ടെന്നും വിവരം ലഭിച്ചിരുന്നു. തുടർന്ന് എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ റെയ്ഡിനായി തന്ത്രം മെനയുകയായിരുന്നു.

ഉന്നത ഉദ്യോഗസ്ഥരെ മാത്രമാണ് വിവരം ധരിപ്പിച്ചിരുന്നത്. ഉപ്പുതറ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് രാത്രിയോടെ വട്ടപ്പതാലിലെ റിസോർട്ടിലെത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കൊവിഡ് പരിശോധന അടക്കമുള്ളവ പൂർത്തീകരിച്ചു. റിസോർട്ട് ഉടമയെ പ്രതി ചേർക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.

 ആദ്യമല്ല നിശാപാർട്ടി

മുമ്പും ഇതേ സംഘം ലഹരി നിശാ പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. സാമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് ഇവർ ഒത്തുകൂടിയത്. ജന്മദിന ആഘോഷത്തിന്റെ മറവിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തിയാണ് നിശാപാർട്ടിക്കായി ആളുകളെ എത്തിച്ചത്. അറസ്റ്റിലായ നബീൽ, സൽമാൻ, കൊല്ലം സ്വദേശിനി സൗമ്യ എന്നിവരുടെ ജന്മദിനത്തിന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി. എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസർകോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ക്ലിഫ് ഇൻ റിസോർട്ടിലെത്തുകയായിരുന്നു.

 റിസോർട്ട് പൂട്ടും
വാഗമണിലെ റിസോർട്ട് പൂട്ടുമെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. കൊവിഡ് നിയന്ത്രണം ലംഘിച്ചതിനാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി റിസോർട്ട് സീൽ ചെയ്തിരിക്കുകയാണ്. എസ്.പിയുടെ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടി സ്വീകരിക്കും.