suvendu-adhikari

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവായ സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ഒപ്പം എത്തിയതിന്റെ ആത്മവിശ്വാസത്തില്‍ കഴിയുന്ന ബിജെപിക്ക് മറ്റൊരു തിരിച്ചടി.കൂറുമാറി ബിജെപിയിലെത്തിയ സുവേന്ദ്ര കൈക്കൂലി വാങ്ങുന്ന പഴയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബിജെപിക്ക് തിരിച്ചടിയായത്.

2016ല്‍ സുവേന്ദു അധികാരിയും മുകുള്‍ റോയിയും കൈക്കൂലി വാങ്ങുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. ഇതോടെ കടുത്ത പ്രതിരോധത്തിലായി ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാനുള്ള ആയുധമായിട്ടാണ് ബിജെപി ഈ വീഡിയോ ഉപയോഗിച്ചത്.

ഒരു കമ്പനിക്ക് അനധികൃതമായി സഹായങ്ങള്‍ നല്‍കിയതിന് പകരമായി തൃണമൂല്‍ നേതാക്കളും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും പണം വാങ്ങുന്ന ദൃശ്യങ്ങളാണ് അന്ന് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങളാണ് ഇന്ന് ബിജെപിക്ക് വിനയായത്. കഴിഞ്ഞ ദിവസമാണ് സുവേന്ദു ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹം കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായത്.

ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ബിജെപി. സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര രംഗത്ത് എത്തി. ബിജെപിയുടെ യൂട്യൂബില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്തെന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടും മഹുവ ട്വീറ്റ് ചെയ്തു.