virus

ന്യൂയോർക്ക്: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി എഴുപത്തിയാറ് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി നാൽപത്തിയഞ്ച് ലക്ഷമായി ഉയർന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ പതിനേഴ് ലക്ഷം കടന്നു. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.


ഇന്ത്യയിൽ 1,00,75,422 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,90,977 പേരാണ് ചികിത്സയിലുള്ളത്.രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു. 1,46,145 പേരാണ് മരണമടഞ്ഞത്.


വൈറസ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ലോകത്ത് ഒന്നാം സ്ഥനത്ത് അമേരിക്കയാണ്. യുഎസിൽ ഒരു കോടി എൺപത്തിനാല് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,26,668 പേർ മരിച്ചു. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിരണ്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,87,322 പേർ മരിച്ചു.

അതേസമയം വൈറസിന്റെ ജനിതകമാറ്റം ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും ഭീതി പരത്തുകയാണ്. ബ്രിട്ടനിൽ ഈ വൈറസ് വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസ് ഒരു പൗരനിൽ കണ്ടെത്തിയെന്ന് ഇറ്റലിയിലെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.