abhaya-case

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഇന്ന് വിധി വരാനിരിക്കെ വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ ചാക്കോ വർഗീസ്. അഭയയുടെ കഴുത്തിൽ നഖം കൊണ്ടുള്ള മുറിവ് ഉണ്ടായിരുന്നുവെന്ന് ചാക്കോ പറഞ്ഞു. കേസിലെ ഏഴാം സാക്ഷിയാണ് ചാക്കോ.

മൃതദേഹത്തിന്റെ ആദ്യ ഫോട്ടോ എടുത്തത് ചാക്കോയാണ്. മുറിവ് വ്യക്തമാകുന്ന നാല് ഫോട്ടോകൾ നശിപ്പിക്കപ്പെട്ടുവെന്നും, ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണ് ചിത്രങ്ങൾ നശിപ്പിച്ചതെന്നും ചാക്കോ ആരോപിച്ചു. തലയുടെ പിറകില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നുവെന്നും, അത് ഫോട്ടോ എടുക്കാൻ പൊലീസുകാർ സമ്മതിച്ചില്ലെന്നും ചാക്കോ പറഞ്ഞു.

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെന്റിന്റെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭയ കൊലപ്പെട്ട് 28 വർഷങ്ങൾക്കു ശേഷമാണ് രാജ്യം തന്നെ ഉറ്റുനോക്കുന്ന നിർണായക വിധി വരുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.

പ്രതികളായ ഫാ തോമസ് കോട്ടൂർ, ഫാ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. അഭയയുടെ ഇൻക്വ‌ിസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. സി ബി ഐ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിൻ ആത്മഹത്യ ചെയ്‌തിരുന്നു. തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡി വൈ എസ് പി സാമുവലിനേയും പ്രതിയാക്കി. മുൻ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേർത്തു. സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. വിചാരണ തുടരാൻ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.