
കൊച്ചി: ഷോപ്പിംഗ് മാളിൽവച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തും. തിരിച്ചറിയൽ പരേഡ് നടത്താൻ അനുമതി തേടി കളമശ്ശേരി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നടിയുടെ രഹസ്യമോഴി രേഖപ്പെടുത്താനും അപേക്ഷ നൽകും.
പൊലീസ് ഓൺലൈനിലൂടെ നടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ മുഹമ്മദ് ആദിൽ, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. തങ്ങൾ മനഃപൂർവമല്ല നടിയെ സ്പർശിച്ചതെന്നും, അറിയാതെ സംഭവിച്ചതാണെന്നും പ്രതികൾ പറഞ്ഞിരുന്നു. തുടർന്ന് അവർക്ക് മാപ്പ് നൽകിയതായി നടിയും അറിയിച്ചു. എന്നാൽ കേസുമായി മുന്നോട്ടുപോകുമെന്ന് അന്വേഷണസംഘം ഇന്നലെ വ്യക്തമാക്കിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളിൽവച്ച് അപമാനിക്കപ്പെട്ട വിവരം നടി വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും, ശരീരത്തിൽ സ്പർശിച്ച ശേഷം ഇവർ പിന്തുടർന്നെന്നുമാണ് നടിയുടെ ആരോപണം. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം.