farmers-protest

ന്യൂഡൽഹി: കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ക്ഷണിച്ചുകൊണ്ട് സർക്കാർ അയച്ച കത്തിൽ പുതുമയില്ലെന്ന് കർഷക സംഘടനകൾ. കേന്ദ്ര സർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഇന്ന് യോഗം ചേരും. കൃത്യമായ പ്രശ്നപരിഹാരം കേന്ദ്രം മുന്നോട്ടുവെച്ചാൽ തങ്ങൾ എപ്പോഴും ചർച്ചയ്ക്കു തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

അതേസമയം, ആഴ്ചകളായി ഡൽഹിയിൽ സമരം നടത്തുന്ന പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർക്കൊപ്പം അണിചേരാൻ മഹാരാഷ്ട്രയിൽ നിന്ന് ആയിരക്കണക്കിന് കർഷകർ പുറപ്പെട്ടു. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ അടിയന്തര പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്.

കാർഷിക നിയമങ്ങളിൽ ഏതൊക്കെ കാര്യങ്ങളിലാണ് ആശങ്കയെന്ന് പ്രത്യേകമായി അറിയിക്കണമെന്നാണ് ചർച്ചയ്ക്ക് ക്ഷണിച്ച് കൃഷിമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി വിവേക് അഗർവാൾ കർഷക സംഘടനാ നേതാക്കൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ നിയമം പൂർണമായും പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്.