
വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ ബഹുമതിയായ ലീജിയൻ ഒഫ് മെരിറ്റ് സമ്മാനിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉയർത്തുന്നതിന് നേതൃത്വം നൽകിയതിനും ആഗോളശക്തിയായുളള ഇന്ത്യയുടെ ആവിർഭാവത്തെ ത്വരിതപ്പെടുത്തിന് നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ലീജിയൻ ഒഫ് മെരിറ്റിന്റെ ഏറ്റവും ഉയർന്ന ഡിഗ്രിയായ ചീഫ് കമാൻഡർ ഒഫ് ലെജിയൻ ഒഫ് മെറിറ്റ് പുരസ്കാരമാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. പ്രധാനമന്ത്രിക്കുവേണ്ടി അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ താരഞ്ചിത് സിംഗ് സന്ധു അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയനിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.
ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് അമേരിക്കയും ഇന്ത്യയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉയർത്തുന്നതിനും ആഗോള ശക്തിയായുളള ഇന്ത്യയുടെ ആവിർഭാവത്തെ ത്വരിതപ്പെടുത്തതിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും അചഞ്ചലമായ നേതൃത്വത്തെയും അംഗീകരിച്ചാണ് പുരസ്കാരം നൽകിയതെന്നാണ് റോബർട്ട് ഓബ്രിയൻ ട്വിറ്ററിൽ കുറിച്ചത്.
മോദിക്കൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനും ജപ്പാനിലെ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്കും ലീജിയൻ ഒഫ് മെരിറ്റ് പുരസ്കാരങ്ങൾ നൽകി. അതത് രാജ്യങ്ങളിലെ അംബാസഡർമാരാണ് പുരസ്കാരങ്ങൾ സ്വീകരിച്ചത്.
മികച്ച സേവനങ്ങൾക്കും നേട്ടങ്ങൾക്കും പ്രകടനങ്ങളിലെ അസാധാരണ മികവിനും അമേരിക്കൻ സായുധ സേനയിലെ അംഗങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് ലീജിയൻ ഒഫ് മെരിറ്റ്. സൈനികർക്കൊപ്പം മറ്റുരാജ്യങ്ങളിലെ സൈനിക, രാഷ്ട്രീയ മേഖലകളിലെ വ്യക്തിത്വങ്ങൾക്കും ഈ പുരസ്കാരം നൽകാറുണ്ട്.