abhaya-case

തിരുവനന്തപുരം: അഭയ കേസിൽ ഫാ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബി ഐ കോടതി. ഇവരുടെ ശിക്ഷ വിധി നാളെയുണ്ടാകും. 28 വർഷത്തിന് ശേഷമാണ് കേരളം കാത്തിരുന്ന കേസിൽ സുപ്രധാന വിധി വരുന്നത്. കോടതിക്കും ദൈവത്തിനും നന്ദിയെന്നും അഭയയുടെ കുടുംബം പ്രതികരിച്ചു.

ഫാ തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റവും അതിക്രമിച്ച് കടക്കലും തെളിഞ്ഞതായി കോടതി പ്രസ്‌താവിച്ചു. സിസ്റ്റർ സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. വിഎധി കേട്ട് കോടതി മുറിയിലുണ്ടായിരുന്ന പ്രതികൾ പൊട്ടിക്കരഞ്ഞു. പുറത്തുണ്ടായിരുന്ന പ്രതികളുടെ ബന്ധുക്കളും കന്യാസ്‌ത്രീകളും പൊട്ടിക്കരയുന്നുണ്ടായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിക്കായി പ്രതികളെ പൊലീസിന് കൈമാറും. നാളെ ജയിലിൽ നിന്ന് കോടതിയിൽ ഇവരെ എത്തിച്ച ശേഷമായിരിക്കും ശിക്ഷ വിധിക്കുക.

ആത്മാവ് ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ അതിശക്തമായ ആത്മാവാണത്

ആത്മാവ് ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ അതിശക്തമായ ആത്മാവാണത്: അഭയകേസ് ആദ്യം റിപ്പോർട്ട് ചെയ്‌ത അനുഭവം പങ്കുവച്ച് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വിഎസ് രാജേഷ്

Posted by Keralakaumudi on Tuesday, 22 December 2020

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോൺവെന്റിന്റെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.

ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. അഭയയുടെ ഇൻക്വ‌ിസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. സി ബി ഐ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിൻ ആത്മഹത്യ ചെയ്‌തിരുന്നു. തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡി വൈ എസ് പി സാമുവലിനേയും പ്രതിയാക്കി.

മുൻ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേർത്തു. സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. വിചാരണ തുടരാൻ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.