
 ഈ നോവലിൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുള്ള കേരള സമൂഹത്തിലെ പ്രവണതകളെ, ഒരുകൂട്ടം കഥാപാത്രങ്ങൾ വഴി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പി. കേശവ്ദേവിന്റെ  'അയൽക്കാർ" തകഴി ശിവശങ്കരപിള്ളയുടെ 'കയർ"എന്ന നോവലുകളിലെ കഥ പറച്ചിലുകളോടുള്ള സാദൃശ്യം കാണുന്നുണ്ട്. പ്രത്യേകിച്ച് തെക്കൻ തിരുവിതാംകൂറിലെ നായർ തറവാടുകളിലെ ജീർണ, അധാർമ്മികത, പുരുഷമേധാവിത്വം, ജാതിബോധം, നവോത്ഥാന മൂല്യങ്ങൾ സ്വാംശീകരിച്ച പുതിയ തലമുറയുടെ നിലപാടുകൾ എന്നിവയെപ്പറ്റിയെല്ലാം പ്രതിപാദിച്ചിട്ടുണ്ട്.
നവോത്ഥാന കാലത്തിനു മുൻപുള്ള കേരളസമൂഹത്തിലെ പ്രബല വിഭാഗമായിരുന്ന നായർ സമുദായത്തെപ്പറ്റി നിഷ്പക്ഷമായും ഗഹനമായും വിശദമായും പഠിച്ച ലോകസമൂഹശാസ്ത്ര വിദഗ്ദ്ധനായ റോബിൻ ജഫ്രിയുടെ 'Decline of Nair Dominance" എന്ന പുസ്തകത്തിലെ നിഗമനങ്ങളെയും ഉപസംഹാരത്തിലെ യുക്താനുമാനങ്ങളെയും ശരിവയ്ക്കുന്ന രീതിയിലാണ് കഥാകഥനം.
പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവം ഇടപാടുകൾ, സാമൂഹ്യരാഷ്ട്രീയ മതപര സാംസ്കാരിക നയങ്ങളെല്ലാം റോബിൻ ജഫ്രിയെ ശരിവയ്ക്കുന്നു. മക്കത്തായ കാലത്തിലെ പുരുഷമേധാവിത്വപരമായ എല്ലാ അധാർമ്മിക അവിഹിത സുഖഭോഗങ്ങളും അനുഭവിക്കാൻ ഉൽസുകനും ജീവിതാവസ്ഥകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് സ്വയം തിരുത്തൽ വരുത്താൻ വൈമനസ്യമുള്ള വ്യക്തിയാണ് രാജഭക്തനായ ലംബോദരൻ പിള്ളയെന്ന നായർ മാടമ്പിയായ ഭൂഉടമ. എന്നാൽ പുതിയ തലമുറയോട് ഏറ്റുമുട്ടി ജീവിതം പ്രശ്നജടിലമാക്കാനുള്ള ധൈര്യമോ തന്ത്രമോ നീതിശാസ്ത്രമോ പിള്ളക്ക് വശമില്ല.
ആധുനിക യൂറോപ്യൻ ചരിത്രമെഴുതിയവർ പറയുന്ന ഒരു ചൊല്ലുണ്ട്. ''ഫ്രഞ്ചു രാജവംശമായിരുന്ന ബൂർബൺ വംശം (Bourbon dynasty) പഴയതൊന്നും മറക്കാനും പുതിയതൊന്നും പഠിക്കാനും തയ്യാറാകാത്തവരായിരുന്നു. അതിനാൽ ഈ വംശം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിയപ്പെട്ടു. സ്വന്തം കാരണവസ്ഥാനം നിലനിർത്താൻ കുടുംബാംഗങ്ങളുടെ നീതിയുക്തമായ വ്യരക്തിപര അഭിലാഷങ്ങൾ തിരസ്കരിക്കുന്നു. (ദാമുവിന്റെയും, ഭാനുമതിയുടെയും പ്രേമബന്ധങ്ങളുടെ കാര്യത്തിൽ) ബഹുഭർത്തൃത്വം, സ്വന്തം ലൈംഗികതൃഷ്ണയ്ക്കും ധനലാഭത്തിനുമായി നിലനിർത്താനുള്ള പാരമ്പര്യാഭിമാനികളായ ലംബോദരൻ പിള്ളയും ശങ്കരപ്പിള്ള ദേവയാനി തങ്കച്ചി ദമ്പതികളും സ്വീകരിച്ചത്. ഇത്തരക്കാരുടെ സമുദായ മാന്യതയ്ക്കും സാമൂഹ്യമേൽക്കോയ്മക്കുമായി ഈശ്വരഭക്തി പ്രകടാത്മകമായി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സ്വകാര്യജീവിതത്തിൽ ഭൗതികവാദിയായ ചാർവാകമുനിയുടെ 'യാവത് ജീവേത് സുഃഖം ജീവേത്" എന്ന (ജീവിക്കുന്ന കാലമത്രയും സുഖമായി ജീവിക്കണം) ലക്ഷ്യമാണ്. അതിശയോക്തികളില്ലാതെ, വായനക്കാരിൽ ഈ നോവലിലൂടെ ശുഭാപ്തിവിശ്വാസവും പുരോഗമന തൃഷ്ണയും അങ്കുരിക്കപ്പെടും.
(മുൻ ഗുജറാത്ത് ഡി.ജി.പിയാണ് ലേഖകൻ)
പ്രസാധകർ:പെലിക്കൻ ബുക്സ്
വില:₹ 350