who

ജനീവ: അതിവേഗം പടരുമെന്ന് കണ്ടെത്തിയ വൈറസ് മഹാരോഗത്തിന്റെ പുതിയ വകഭേദം നിലവിൽ നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യ സംഘടന. 'ബ്രിട്ടനിൽ കണ്ടെത്തിയ വൈറസ് വകഭേദം നിയന്ത്രണാധീനമാണ് കാരണം രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ അണുബാധ നിരക്ക് ഉയർന്നിരുന്നു ആ സമയങ്ങളിലെല്ലാം രോഗം നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു.' ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം അദ്ധ്യക്ഷൻ മൈക്കൽ റയാൻ അഭിപ്രായപ്പെട്ടു.

വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ മുന്നേറുകയാണ്. വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതിന് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ അൽപം കൂടി ഗൗരവത്തോടെയും കാലദൈർഘ്യമുണ്ടാകുന്നതുമായ തരത്തിൽ തുടരണം.
ബ്രിട്ടനിൽ കണ്ടെത്തിയ വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാ‌റ്റ് ഹാൻകോക്ക് അറിയിച്ചിരുന്നു. രോഗം നിയന്ത്രണാതീതമാണെന്നും എന്നാൽ നിയന്ത്രണവിധേയമാക്കാനുള‌ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ബ്രിട്ടന് പുറമേ ദക്ഷിണാഫ്രിക്കയിലും ഇ‌റ്റലിയിലും വൈറസിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം കണ്ടെത്തി. തുടർന്ന് മുപ്പതോളം രാജ്യങ്ങൾ യു.കെയുമായുള‌ള അവരുടെ അതിർത്തി അടയ്‌ക്കുകയോ ഇവിടേക്ക്

പോകുന്നതിന് യാത്രാവിലക്ക് ഏർപ്പെടുത്തുകയോ ചെയ്‌തു. ചില രാജ്യങ്ങൾ രോഗം നിയന്ത്രണ വിധേയമാകും വരെ ദക്ഷിണാഫ്രിക്കയിലേക്കും യാത്രാവിലക്ക് കൊണ്ടുവന്നിട്ടുണ്ട്.