train

തിരുവനന്തപുരം: സഞ്ചാരികളെ ആകർഷിക്കാൻ വേളി ടൂറിസ്റ്റ് വില്ലേജിൽ ആരംഭിച്ച മിനിയേച്ചർ ട്രെയിൻ വീണ്ടും കട്ടപ്പുറത്തായി. ട്രെയിൻ പ്രവർത്തിപ്പിച്ചുതുടങ്ങിയത് മുതൽ വേളിയിൽ സഞ്ചാരികളുടെ തിരക്ക് കൂടിയിരുന്നു. ടൂറിസ്റ്റ് വില്ലേജിന്റെ സൗന്ദര്യം ഒറ്റ റൗണ്ടിൽ ചുറ്രിക്കാണാമെന്ന ആശയത്തിലാണ് ഒമ്പത് കോടി രൂപ മുടക്കി പദ്ധതി ആരംഭിച്ചത്. ട്രെയിൻ യാത്ര പ്രതീക്ഷിച്ച് ഇപ്പോൾ എത്തുന്ന സഞ്ചാരികൾ നിരാശരായാണ് മടങ്ങുന്നത്. എൻജിൻ ബെയറിംഗിലെ സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ മാസവും സാങ്കേതിക തകരാർ സംഭവിച്ചിരുന്നു.

ബംഗളൂരുവിലെ സാൻ എൻജിനിയറിംഗ് ആൻഡ് ലോക്കാമോട്ടീവ്സ് എന്ന കമ്പനിയാണ് മിനിയേച്ചർ ട്രെയിൻ ഒരുക്കിയിരിക്കുന്നത്. ഇനി ബംഗളൂരുവിൽ നിന്ന് മെക്കാനിക്ക് എത്തിയാൽ മാത്രമേ തകരാർ പരിഹരിക്കാൻ സാധിക്കൂ. മൂന്നരയടി വീതിയും ആറടി ഉയരവുള്ള ട്രെയിൻ സൗരോർജ സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒരേസമയം 48 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന മൂന്ന് ബോഗികളുണ്ട്. നിലവിൽ ഒരു ദിവസം 8 ട്രിപ്പ് എന്ന നിലയിലായിരുന്നു മിനിയേച്ചർ ട്രെയിന്റെ പ്രവർത്തനം. സാങ്കേതിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഈ മേഖലയുമായി ബന്ധപ്പെട്ട ഒരാളെ നിയോഗിക്കാൻ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആലോചിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം മെക്കാനിക്ക് എത്തി തകരാർ പരിഹരിച്ച് ട്രെയിൻ വീണ്ടും ഓടിത്തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഈ മാസം ആദ്യമാണ് ഏറെ കൊട്ടിഘോഷിച്ച് മിനിയേച്ചർ ട്രെയി​ൻ ഓടി​ത്തുടങ്ങി​യത്.