
തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമേകി സിസ്‌റ്റർ അഭയകേസിൽ കോടതി വിധി വന്നിരിക്കുകയാണ്. പ്രതികൾ കുറ്റക്കാരാണെന്നും, കൊലക്കുറ്റം തെളിഞ്ഞതായും സിബിഐ പ്രത്യേക കോടതി കണ്ടെത്തി. പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, സിസ്‌റ്റർ സെഫി എന്നിവർക്കുളള ശിക്ഷ കോടതി നാളെ വിധിക്കും.
ആത്മാവ് ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ അതിശക്തമായ ആത്മാവാണത്ആത്മാവ് ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ അതിശക്തമായ ആത്മാവാണത്: അഭയകേസ് ആദ്യം റിപ്പോർട്ട് ചെയ്‌ത അനുഭവം പങ്കുവച്ച് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വിഎസ് രാജേഷ്
Posted by Keralakaumudi on Tuesday, 22 December 2020
ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയാക്കാൻ ശ്രമിച്ച അഭയകേസ്, സിബിഐയുടെ കൈയിൽ എത്തിയിട്ടു പോലും അട്ടിമറിക്കാൻ ശ്രമിച്ചു. കുറ്റക്കാരെ കണ്ടെത്താൻ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സിബിഐ തന്നെ മൂന്ന് തവണ കോടതിയിൽ അപേക്ഷ നൽകി. മൂന്ന് തവണയും അപേക്ഷ തള്ളിയ കോടതി, പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒടുവിൽ ഡൽഹി യൂണിറ്റിൽ നിന്ന് കേസ് സിബിഐയിലെ റിയൽ സേതുരാമയ്യർ' നന്ദകുമാർ നായരിലേക്ക് എത്തി.
കേസിന്റെ നാൾ വഴിയിലേക്ക്
1992 മാർച്ച് 27: രാവിലെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുന്നു.
1992 മാർച്ച് 31: ആത്മഹത്യയാക്കാൻ ലോക്കൽ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോട്ടയം നഗരസഭാ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയത്ത് സമരം.
ലോക്കൽ പൊലീസിലും ക്രൈംബ്രാഞ്ചിലും വിശ്വാസമില്ലെന്ന് അഭയയുടെ വീട്ടുകാർ.
1993 ജനുവരി 30: ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് കോട്ടയം ആർ.ഡി.ഒ കോടതിയിൽ റിപ്പോർട്ട് നൽകി.
1992 മെയ് 18: മുഖ്യമന്ത്രി കെ.കരുണാകരൻ സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്ത് ഉത്തരവിടുന്നു.
1993 മാർച്ച് 29: എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സി.ബി.ഐ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി വർഗീസ് പി. തോമസിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അഭയയു
ടെ മരണം കൊലപാതകമെന്ന് ആറു മാസത്തിനുള്ളിൽ കണ്ടെത്തുന്നു.
സി.ബി.ഐയുടെ കേസ് ഡയറിയിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തുന്നു.
1994 മാർച്ച് 7: വർഗീസ് പി. തോമസിന്റെ നിർണായക വെളിപ്പെടുത്തൽ. അഭയയുടെ മരണം ആത്മഹത്യയാക്കാൻ അന്നത്തെ സി.ബി.ഐ എസ്.പി വി. ത്യാഗരാജൻ സമ്മർദം ചെലുത്തിയെന്നും വഴങ്ങാത്തതിന് പീഡിപ്പിച്ചെന്നും എറണാകുളത്ത് പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി.
വിഷയം പാർലമെന്റിൽ കേരള എം.പിമാർ ഉന്നയിച്ചു.
സി.ബി.ഐ ഡിവൈ.എസ്.പി വർഗീസ്.പി തോമസ് സ്വമേധയാ വിരമിച്ചു.
1994 ജൂൺ 2: അന്നത്തെ സി.ബി.ഐ ഡയറക്ടർ കെ. വിജയരാമറാവുവിനെ എം.പിമാരായ ഒ.രാജഗോപാൽ, ഇ.ബാലാനന്ദൻ,പി.സി.തോമസ് തുടങ്ങിയവർ കണ്ട് പരാതി നൽകി. തുടർന്ന് ത്യാഗരാജനെ അഭയ കേസിന്റെ മേൽനോട്ടത്തിൽ നിന്ന് ഒഴിവാക്കി, ചെന്നൈയിലേക്ക് സ്ഥലം മാറ്റുന്നു.
സി.ബി.ഐയുടെ അന്നത്തെ ഡി.ഐ.ജി എം.എൽ ശർമയുടെ നേതൃത്വത്തിലുളള സംഘത്തിന് അന്വേഷണച്ചുമതല കൈമാറി.
1996 ഡിസംബർ 6: അഭയയുടേത് കൊലപാതകമാണെങ്കിലും പ്രതികളെ പിടികൂടാൻ കഴിയുന്നില്ലെന്നു കാണിച്ച് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകി.
1997 മാർച്ച് 20: റിപ്പോർട്ട് കോടതി തള്ളി. തുടരന്വേഷണത്തിന് കോടതി ഉത്തരവ്.
1999 ജൂലായ് 12: അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ രണ്ടാം തവണയും സി.ബി.ഐയുടെ റിപ്പോർട്ട്.
2000 ജൂൺ 23: റിപ്പോർട്ട് തള്ളിയ കോടതി വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടു.
2005 ആഗസ്റ്റ് 30: അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാൻ അനുമതി ചോദിച്ച് സി.ബി.ഐ റിപ്പോർട്ട്.
2006 ആഗസ്റ്റ് 21: സി.ബി.ഐ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് മൂന്നാം തവണയും കോടതി നിർേദശം.
എസ്.പി. ആർ.എം. കൃഷ്ണയുടേയും സി.ബി.ഐ ഡി.വൈ.എസ്.പി ആർ.കെ.അഗർവാളിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം അഭയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐ ഡയറക്ടറുടെ ഉത്തരവ്.
സി.ബി.ഐ പ്രത്യേക സംഘം പ്രതികളെ ബംഗളൂരുവിൽ നാർകോ അനാലിസിസ് പരിശോധന നടത്തുന്നു.
2008 സെപ്തംബർ 4: അന്വേഷണം സി.ബി.ഐ ഡൽഹി യൂണിറ്റിൽ നിന്ന് മാറ്റുന്നു.
2008 നവംബർ 1: ഡിവൈ.എസ്.പി നന്ദകുമാർ നായർ (ഇപ്പോൾ എസ്.പി) അന്വേഷണം ഏറ്റെടുക്കുന്നു.
2008 നവംബർ 18: ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ നന്ദകുമാർ നായരുടെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുന്നു.
2009 ജൂലായ് 17: നന്ദകുമാർ നായർ എറണാകുളം സി.ജെ.എം കോടതിയിൽ കുറ്റപത്രം നൽകി.
2011 മാർച്ച് 16: എറണാകുളം സി.ജെ.എം കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി.
2014 മാർച്ച് 19: തെളിവു നശിപ്പിച്ചെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിൽ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി.മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
2015 ജൂൺ 30: അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട്.
2018 ജനുവരി 22: തെളിവു നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി.മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി സ്‌പെഷ്യൽ ജഡ്ജി ജെ. നാസറിന്റെ ഉത്തരവ്.
മൈക്കിൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ 2019 ഏപ്രിൽ 9: സി.ബി.ഐ കോടതി ഉത്തരവ് റദ്ദു ചെയ്തു.
കേസിന്റെ വിചാരണ വേളയിൽ തെളിവു ലഭിച്ചാൽ സി.ബി.ഐക്ക് പ്രതിയാക്കാമെന്നും കോടതി ഉത്തരവ്.
2018 മാർച്ച് 7: രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തിരുവനന്തപുരം സി.ബി.ഐ കോടതി കേസിൽ നിന്ന് ഒഴിവാക്കുന്നു.
മറ്റു രണ്ട് പ്രതികൾ സുപ്രീം കോടതിയിൽ നൽകിയ വിടുതൽ ഹർജി 2019 ജൂലൈ 15 ന് തള്ളി.
2019 ആഗസ്റ്റ് 26: തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു.
2020 ഡിസംബർ 10: ഇരു വാദങ്ങളും പൂർത്തിയാക്കി. 22ന് വിധി പറയാൻ കോടതി തീരുമാനം.