
സിനിമാട്ടോഗ്രഫിക്ക് മലയാള സിനിമയിൽ മറ്റെന്തിനേക്കാളും വിലകൽപ്പിച്ചിരുന്ന കാലം. സിനിമ ചിത്രീകരിക്കുന്ന ഇടത്തിൽ അന്ന് കാമറാമാനും കാമറയുമായിരുന്നു താരം. കാമറാമാൻ സെറ്റിലേക്ക് വന്നെത്തിയാൽ സെറ്റിലെ മുഴുവൻ പേരും എഴുന്നേറ്റ് നിന്ന് സ്വീകരിക്കും. അതാണ് കാമറാമാന്റെ കരുത്ത്. അയാളാണ് സിനിമ ആദ്യമായി കാണുന്നത്. കാമറയ്ക്കൊപ്പം അന്ന് കാമറാമാനേയും പൂജ ചെയ്യും. കാമറയെ ഭക്ത്യാദരപൂർവം തൊഴുതുനിൽക്കുന്ന ആ കാലഘട്ടത്തിലാണ് രാമചന്ദ്രബാബു എന്ന കാമറാമാന്റെ രംഗപ്രവേശം.
ബ്ളാക്ക് ആന്റ് വൈറ്റ്, കളർ, ഡിജിറ്റൽ - മലയാള സിനിമയുടെ വിപ്ലവകരമായ മൂന്ന് കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും രാമചന്ദ്രബാബു ഈ യുഗത്തിന്റെ ചുക്കാനിൽ കൈയും കണ്ണും എപ്പോഴും കൊരുത്ത് വച്ചിട്ടുണ്ടായിരുന്നു. ആ ബ്ളാക്ക് ആന്റ് വൈറ്റ് കാലത്തിൽ  ജോൺ എബ്രഹാമിനോടൊപ്പം തുടങ്ങിയ 'വിദ്യാർത്ഥികളേ ഇതിലേ ഇതിലേ" എന്ന സിനിമയും കെ.ജി. ജോർജ്ജിന്റെ 'സ്വപ്നാടന"വും എം.ടിയുടെ 'നിർമ്മാല്യ"വും വെള്ളിത്തിരയിൽ കറുപ്പും വെള്ളയും കൊണ്ട് ഇതിഹാസങ്ങൾ സൃഷ്ടിച്ചു. രാമുകാര്യാട്ടിന്റെ 'ദ്വീപി"ലും ജിജോയുടെ 'പടയോട്ട"ത്തിലേക്കും എത്തുമ്പോൾ കളറിന്റെ മാസ്മരിക ഭാവങ്ങൾ കൈ വരും. 70 എംഎം എന്ന സാങ്കേതികവിദ്യ 'പടയോട്ട"ത്തിലൂടെ മലയാള സിനിമയ്ക്ക് നവ്യാനുഭവമാക്കിയതിൽ രാമചന്ദ്രബാബുവിന്റെ ഉൾക്കരുത്തുമുണ്ടായിരുന്നു.
ബ്ളാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ സിനിമാജീവിതം തുടങ്ങിയത് തന്നെ പരീക്ഷണങ്ങളുടെ അകമ്പടിയോടെയായിരുന്നു. ജോൺ എബ്രഹാമിന്റെ 'വിദ്യാർത്ഥികളേ ഇതിലേ ഇതിലേ" സിനിമയുടെ ചിത്രീകരണം ഉദാഹരണം. തമിഴ്നാട് ടി.നഗറിലെ സി.ഐ.ടി കോളനിയിലായിരുന്നു അദ്ദേഹം ആദ്യമായി കാമറ ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷോട്ട്. ജയഭാരതി അന്ന് പൊന്നുംവിലയുള്ള താരമാണ്. അതീവശ്രദ്ധയോടെ രാമചന്ദ്രബാബുവിന്റെ കാമറ ജയഭാരതിയെ ഒപ്പിയെടുത്തു. പക്ഷേ പിന്നീടാണ് പുകിലുണ്ടായത്. നവാഗത ഛായാഗ്രാഹകനായ ആൾ  തന്റെ മുഖത്തേക്ക് നേരിട്ട് ലൈറ്റ് തെളിയിച്ചില്ല എന്ന് ജയഭാരതി. ലൈറ്റുകൾ മുഴുവൻ വൈറ്റ് ബോർഡിലും ചുമരിലുമാണ് ബൗൺസ് ചെയ്തത്. അതിനാൽ പ്രകാശം നേരിട്ട് മുഖത്ത് വീണില്ല. പിന്നെ തന്റെ മുഖമെങ്ങനെ ഭംഗിയിൽ വെള്ളിത്തിരയിൽ തെളിയും. ജയഭാരതിയുടെ ആക്ഷേപത്തിൽ നിർമ്മാതാവ് മിന്നലും ഒന്ന് ഉലഞ്ഞു.
തൊട്ടടുത്ത ദിവസം വിജയവാഹിനി ലാബിൽ നിന്നും ലബോറട്ടറി ചീഫ് സെൻഗുപ്ത രാമചന്ദ്ര ബാബുവിനെ വിളിപ്പിച്ചു. ഷൂട്ടും പ്രൊസസും ചെയ്ത് ഒന്നുമില്ലാത്ത  ഒരു ഫിലിംസ്ട്രിപ്പ് കാണിച്ചു കൊടുത്തിട്ട് നിസഹായനായി കാമറാമാന്റെ മുഖത്ത് നോക്കിയിരുന്നു. രാമചന്ദ്ര ബാബുവിന് കാര്യങ്ങളുടെ നിജസ്ഥിതി മനസിലായി. എക്സ്പോസ് ചെയ്ത ഫിലിം ഇപ്പോഴുള്ള രീതിയിൽ നിന്ന് മാറ്റി പ്രോസസ് ചെയ്യണം. രാമചന്ദ്രബാബു തുറന്നടിച്ചു. ഇതുകേട്ട ഗുപ്ത ആശ്ചര്യപ്പെട്ടു. നിലവിലെ രീതി മൊത്തം പൊളിച്ചടുക്കണമെന്നാണോ ഈ പുതിയ പയ്യൻ പറയുന്നത്. ആദ്യം ഷൂട്ട് ചെയ്യുന്ന ഫിലിമിൽ ലാബ് ടെസ്റ്റിനായി ക്ലോസപ്പാണ്  സാധാരണ എടുക്കാറുള്ളത്. അതിന് പകരം ഗ്രേ ചാർട്ടിനനുസരിച്ച് പ്രോസസ് ചെയ്താൽ മതിയെന്ന് രാമചന്ദ്രബാബു. ഇതാണ് ശരിയായ വഴിയെന്ന് ഗുപ്തയ്ക്കും മനസിലായി. നിലവിലുള്ള സമ്പ്രദായം മാറ്റിയാൽ ഇവിടത്തെ ജീവനക്കാർക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും അതിനാൽ പഴയ രീതി തുടരാൻ അനുവദിക്കണമെന്ന് സൗഹാർദ്ദപൂർവം ഗുപ്ത ആവശ്യപ്പെട്ടു.
ബൗൺസ് ചെയ്യുന്ന രീതിയിൽ പ്രകാശവിന്യാസം നടത്തിയതിനാൽ നെഗറ്റീവ് മികച്ച ഫലം നൽകി. സംവിധായകനും നിർമ്മാതാവും ആഹ്ളാദിച്ചു. പിന്നീട് സിനിമ കണ്ട ജയഭാരതി പുതിയ പരീക്ഷണം തന്റെ മുഖത്തിന് പുതിയ ചാരുത വന്നതായി പറഞ്ഞ് രാമചന്ദ്ര ബാബുവിനെ അഭിനന്ദിച്ചു.
രാമചന്ദ്രബാബുവിന്റെ ആദ്യ കളർചിത്രമായ 'ദ്വീപി"ൽ ഒരു ക്ലാസ്മുറി ചിത്രീകരിച്ച രീതിയുണ്ട്. ദ്വീപിൽ ലൈറ്റ് സംവിധാനമില്ലാത്തതിനാൽ ആവശ്യമായ പ്രകാശം ഇന്റീരിയറിൽ കിട്ടുന്നുണ്ടായിരുന്നില്ല. വെള്ളത്തുണിയും ജനൽഭാഗത്ത് റിഫ്ളക്ടറും കെട്ടി സൂര്യനെ അകത്തേക്ക് ക്ഷണിച്ച് വരുത്തി. അന്ന് സ്ളോ സ്പീഡ് ഫിലിമായിരുന്നു. അക്കാലത്ത് വളരെ ശ്രമകരമാണ് കളർ ഫിലിം പ്രൊസസിംഗ്. ഓരോ ഷോട്ടിന്റെയും രണ്ട് ഫ്രെയിംവീതം കൂട്ടിയോജിപ്പിച്ച് ഒരു ക്ലിപ്പ് ഉണ്ടാക്കണം. അങ്ങനെ ചിത്രത്തിന്റെ മുഴുവൻ ഷോട്ടുകളുടേയും രണ്ട് വീതം ഫ്രെയിമെടുത്ത് ക്ലിപ്പുണ്ടാക്കുന്നത് ബുദ്ധിമുട്ടേറിയ പരിപാടിയാണ്. ഈ ക്ലിപ്പ് പ്രിന്റ് ചെയ്യും. ഈ പ്രിന്റ് നോക്കിയാണ് ഓരോ ഷോട്ടിന്റെയും കളർ ഇക്വാളിറ്റി കണക്കാക്കുന്നത്. ഇതിനെ 'ലില്ലിപ്രിന്റ് " എന്നാണ് വിളിക്കുക. ഇത് കറക്ട് ചെയ്ത് വീണ്ടും പ്രിന്റ് ചെയ്യും. നിശ്ചയിച്ച പ്രകാരമുള്ള കളറാണ് കിട്ടിയതെന്ന് ഉറപ്പായാൽ മാത്രമേ ഫൈനൽ പ്രിന്റിംഗ് നടക്കൂ. പതിനഞ്ച് ദിവസത്തെ കഠിനപ്രയത്നത്തിലൂടെയാണ് അന്ന് രാമചന്ദ്രബാബു ഈ പ്രക്രിയ പൂർത്തിയാക്കിയത്.

മലയാളത്തിന്റെ ആദ്യ 70 എംഎം ചിത്രമായ 'പടയോട്ട"ത്തിന്റെ ചിത്രീകരണത്തിലും രാമചന്ദ്രബാബു മാജിക് തെളിഞ്ഞു നിന്നു. അക്കാലത്ത് 70 എംഎം ചെയ്യാനുള്ള കാമറ ലോകത്ത് തന്നെ പത്തിൽ  താഴെയേ ഉള്ളൂ. അറുപത്തിയഞ്ച് എം.എം ആണ് നെഗറ്റീവ് വിഡ്ത്ത്. മാഗ്നറ്റിക് സൗണ്ട് ട്രാക്ക് കൂടിച്ചേരുമ്പോൾ 70 എം.എം. ഫിലിമിൽ ആകെ ആറ് ട്രാക്കാണ്. ഫിലിമിന്റെ ചെലവ് താങ്ങാൻ പറ്റുന്നതിലും അധികം. മാത്രമല്ല, പ്രോസസിംഗ് സംവിധാനം ലണ്ടനിൽ മാത്രമേയുള്ളൂ. ഈ ശ്രമം ഉപേക്ഷിച്ച് 35 എം.എം സിനിമാസ്കോപ്പിൽ ചിത്രീകരിച്ച് ബ്ലോഅപ്പ് ചെയ്ത് എഴുപത് എം.എമ്മിലേക്ക് മാറ്റാം എന്നു തീരുമാനിച്ചു. മദ്രാസിലെ പ്രസാദ് ലാബിൽ എഴുപത് എം.എം പ്രിന്റിംഗ് മെഷീനും റെക്കാഡിംഗ് തീയേറ്ററും സ്ഥാപിച്ചു. പക്ഷെ, ബ്ലോ അപ്പിൽ ഒരു പാട് കാര്യങ്ങൾ  ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള ലെൻസും ഗ്രെയിൻസ് കുറഞ്ഞതും സ്ലോസ്പീഡ് ഫിലിമും ഉപയോഗിക്കണം. കാമറയും ഫിലിമും ടെസ്റ്റ് ചെയ്തു, ബ്ലോ അപ്പ് പ്രിന്റ് വലിയ സ്ക്രീനിൽ പ്രൊജക്ട് ചെയ്തു. ലെൻസുകൾ വളരെ ഷാർപ്പെന്നു ഉറപ്പു വരുത്തി. ഇന്റീരിയറും എക്സ്റ്റീരിയറും ലോലൈറ്റിലും ഹൈലൈറ്റിലും ഫിലിമിൽ എക്സ്പോസ് ചെയ്തു. നെഗറ്റീവ് നോക്കി ഡെപ്ത്ത് നിശ്ചയിച്ചു.
1982ലെ മികച്ച ചിത്രങ്ങളായ 'യവനിക"യ്ക്കും, 'മർമര"ത്തിനും, 'പടയോട്ട"ത്തിനും ഛായാഗ്രഹണമൊരുക്കിയ രാമചന്ദ്രബാബുവിനെ അവാർഡു കമ്മറ്റി കണ്ടില്ലെന്നു നടിച്ചു. എന്തായാലും കാണികൾക്ക് ഒരത്ഭുതം തന്നെയായിരുന്നു പടയോട്ടം. വമ്പൻ കാൻവാസിൽ ഒരുങ്ങിയ 'പടയോട്ട"ത്തെപ്പറ്റി ഇന്ത്യ മുഴുവൻ സംസാരിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നീ ആറ് ഭാഷകളിലടക്കം നൂറ്റി മുപ്പത്തഞ്ച് സിനിമകൾക്ക് ഛായാഗ്രഹണം ചെയ്ത രാമചന്ദ്രബാബു വ്യത്യസ്തരായ എഴുപത് സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. അതിൽ ഏറ്റവും കൂടുതൽ പി. ജി.വിശ്വംഭരനൊപ്പമാണ്. പതിമൂന്ന് സിനിമകൾ. കെ.ജി ജോർജ്ജ്, ഐ.വി.ശശി എന്നിവരുമായി പത്ത് വീതവും ഭരതന്റെ കൂടെ ഏഴ് സിനിമകളും. പതിനഞ്ച് സിനിമകൾ തമിഴിൽ ചെയ്തിട്ടുണ്ട്. ഐ.വി.ശശി സംവിധാനം ചെയ്ത മലയാള സിനിമ 'അവളുടെ രാവുക"ളുടെ ഹിന്ദി പതിപ്പായ 'പതിത", തെലുങ്കിൽ രജനീകാന്തിന്റെ ആദ്യകാല സിനിമ  തൊലിരേയി ഗഡിചിന്തി, ഇംഗ്ലീഷിൽ  ബിയോണ്ട് ദി സോൾ, പൈറേറ്റ്സ് ബ്ലഡ്, അറബിയിൽ അൽബും. ഒമാൻ രാജ്യത്തിന്റെ ആദ്യ സിനിമയായിരുന്നു അൽബും. ഖാലിദ് അൽ സഡ്ജാലി എന്ന ഒമാൻ ടെലിവിഷന്റെ പ്രതിനിധി ആയിരുന്നു സംവിധായകൻ.
മലയാളത്തിലെ പല പ്രമുഖ താരങ്ങളുടെയും ആദ്യാഭിനയം രാമചന്ദ്രബാബുവിന്റെ  കാമറയ്ക്ക് മുന്നിലായിരുന്നു. 'നിർമാല്യ"ത്തിൽ വന്ന സുകുമാരനും, രവിമേനോനും, 'രതിനിർവേദ"ത്തിൽ കൃഷ്ണചന്ദ്രൻ, 'വിൽക്കാനുണ്ട് സ്വപ്നങ്ങളി"ലൂടെ മമ്മൂട്ടിയും 'നിദ്ര"യിലൂടെ വിജയ് മേനോനും ശാന്തികൃഷ്ണയും 'ഒരു വടക്കൻ വീരഗാഥ"യിലൂടെ ജോമോളും വിനീത്കുമാറും 'സമുദായ"ത്തിലെ കലാഭവൻ മണിയും പിന്നീട് 'സല്ലാപ"ത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു. മഞ്ജുവാര്യർ മോഹന്റെ 'സാക്ഷ്യത്തിലൂടെയാണ് വന്നതെങ്കിലും 'സല്ലാപ"ത്തിലാണ് തിളങ്ങുന്ന താരമായത്. 'മയൂഖ"ത്തിലൂടെ സൈജുകുറുപ്പ്, മംമ്ത എന്നിവരും രാമചന്ദ്രബാബുവിന്റെ കാമറക്കണ്ണിലൂടെയാണ് അഭ്രപാളിയിലേക്ക് പിറന്നു വീണത്.
'പടയോട്ടം" ചെയ്യുന്ന സമയത്ത് രാമചന്ദ്രബാബു ഒരു സിനിമ സംവിധാനം ചെയ്യാൻ ശ്രമിച്ചു. നിർമ്മാതാവ് വി.ബി.കെ മേനോനാണ് അതിനെ പ്രോത്സാഹിപ്പിച്ചത്. പ്രിയദർശന്റെ ഒരു കഥ തിരഞ്ഞെടുത്തു. പക്ഷേ പിന്നീട് മേനോൻ സാമ്പത്തികമായി തകർന്നതിനാൽ ആ പ്രോജക്ട് നടന്നില്ല. വർഷങ്ങൾക്ക് ശേഷം സംവിധായകനായി മാറിയ പ്രിയദർശൻ ആ തിരക്കഥ സിനിമയാക്കാനുള്ള അനുവാദത്തിനായി രാമചന്ദ്രബാബുവിനെ സമീപിച്ചു. അദ്ദേഹം വി.ബി.കെ മേനോനെ കാണാൻ പറഞ്ഞു. അങ്ങനെ പുറത്തിറങ്ങിയ ചിത്രമാണ് 'ഒന്നാനാംകുന്നിൽ ഓരടിക്കുന്നിൽ".
കുറേ വർഷങ്ങൾക്ക് ശേഷമാണ് ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിച്ചത്. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ആരംഭിച്ച 'പ്രൊഫസർ ഡിങ്കൻ" എന്ന സിനിമ പൂർത്തിയാക്കും മുൻപ് അദ്ദേഹം യാത്രയായി. വർഷങ്ങൾക്ക് ശേഷം തന്റെ സിനിമാ അനുഭവങ്ങൾ പുസ്തകമാക്കി ഇറക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി സംസാരിച്ച് ദീർഘമായ ഇന്റർവ്യൂ നടത്തിയത്. അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് തിരഞ്ഞെടുത്ത നാൽപ്പത് ചിത്രങ്ങളിലൂടെയാണ് 'സെല്ലുലോയ്ഡ് സ്വപ്നാടകൻ" എന്ന പുസ്തകം കടന്നുപോകുന്നത്.
ഡിങ്കന്റെ ചിത്രീകരണ ഇടവേളയിൽ തന്റെ രണ്ടാമത്തെ സിനിമയുടെ വർക്കുകൾ അദ്ദേഹം ആരംഭിച്ചിരുന്നു. 'എക്സ്റ്റിംഗ്റ്റ് ബേർഡ്" എന്ന വ്യത്യസ്ത പേരിൽ ഒരു പിരിയോഡിക്കൽ സ്റ്റോറി. രചനയും സംവിധാനവും അദ്ദേഹം തന്നെ. പുതുമുഖങ്ങളെ പരീക്ഷിക്കുന്ന ആ സിനിമയ്ക്ക് വേണ്ടി ലൊക്കേഷൻ കാണാൻ പോയതായിരുന്നു അദ്ദേഹം. പക്ഷേ ചിത്രത്തിന്റെ പേരുപോലെ അറംപറ്റിപ്പോയി. 'എക്സ്റ്റിംഗ്റ്റ് ബേർഡ്" എന്നാൽ വംശനാശം സംഭവിച്ച പക്ഷി. രാമചന്ദ്ര ബാബുവും അതുപോലൊരു പക്ഷിയാണ്.
(രാമചന്ദ്രബാബുവിന്റെ സിനിമാജീവിത കഥപറയുന്ന സെല്ലുലോയ്ഡ് സ്വപ്നാടകൻ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകൻ)