
ആഗ്ര: വിവാഹത്തിനായി യുവതിയെ മതം മാറ്റിയെന്ന് കാണിച്ച് പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ വരനടക്കം പതിനൊന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ജലേസാർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ലൗ ജിഹാദ് നിയമം യു.പിയിൽ നിലവിൽ വന്നതോടെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
വരനും ഉത്തർപ്രദേശിലെ എടാഹ് സ്വദേശിയുമായ 25 വയസുകാരൻ മുഹമ്മദ് ജാവേദിനും ബന്ധുക്കളായ പത്ത് പേർക്കുമെതിരെയാണ് കേസ്. ഒരു മാസം മുൻപായിരുന്നു 21 വയസുകാരിയായ യുവതി വീട് വിട്ടുപോയി മതംമാറി വിവാഹിതയായത്. മുഹമ്മദ് ജാവേദിന്റെ അഞ്ച് ബന്ധുക്കളെ അറസ്‌റ്റ് ചെയ്‌തു. ഇനിയും അഞ്ച് പേരെ പിടികിട്ടാനുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് ഓരോരുത്തർക്കും 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
യുവതി മതം മാറിയതായും വിവാഹം കഴിച്ചതായും കാണിച്ച് പെൺകുട്ടിയുടെ പിതാവിന് ജാവേദിന്റെ അഭിഭാഷകൻ കത്ത് നൽകിയതിനെ തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തട്ടിക്കൊണ്ട് പോയതിനും, ബലമായി വിവാഹം ചെയ്യിച്ചതിനും, ലൗ ജിഹാദിനെതിരായ പുതിയ നിയമമനുസരിച്ചുമാണ് പൊലീസ് കേസെടുത്തത്. വിവാഹ കാര്യത്തിൽ ജാവേദിനൊപ്പം സജീവമായി പങ്കെടുത്തതുകൊണ്ടാണ് പത്തുപേർക്കുമെതിരെ കേസെടുത്തതെന്ന് ജലേസാർ പൊലീസ് അറിയിച്ചു.