devarajan

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തകർ‌ന്നടിഞ്ഞ യു ഡി എഫിൽ ഏറ്റവുമധികം ക്ഷീണം സംഭവിച്ചത് മുന്നണിയിലെ ചെറു കക്ഷികൾക്കാണ്. ഫോർവേഡ് ബ്ലോക്കിന് സംസ്ഥാനത്ത് മത്സരിച്ച ഒരു സീറ്റുകളിലും ജയിക്കാനായില്ല. മത്സരിച്ച പല സീറ്റുകളിലും കോൺഗ്രസിലെ റിബലുകൾ ശല്യമായി. ചിലയിടത്താരകട്ടെ കോൺഗ്രസുകാർ കാലുവാരുകയും ചെയ്‌തു. തിരഞ്ഞെടുപ്പിലെ കനത്ത് പരാജയത്തെപ്പറ്റി ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

തിരുവനന്തപുരത്ത് നെടുങ്കാട് യു ഡി എഫ് പാനലിൽ മത്സരിച്ച് വെറും എഴുപത്തിയാറ് വോട്ട് മാത്രം നേടിയ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടോ?

കോൺഗ്രസിന്റെ വോട്ട് ‌ഞങ്ങൾക്ക് അവിടെ കിട്ടിയില്ലെന്ന പരാതി അറിയിച്ചിട്ടുണ്ട്. കോൺഗ്രസിന് പരമ്പരാഗതമായി ഉണ്ടായിരുന്ന വോട്ടുകൾ ഇത്തവണ ഞങ്ങൾക്ക് കിട്ടിയിട്ടില്ല.

സംസ്ഥാനം മൊത്തത്തിൽ ഫോർവേഡ് ബ്ലോക്കിന്റെ പ്രകടനം എങ്ങനെയുണ്ടായിരുന്നു?

കുറേ സീറ്റുകൾ യു ഡി എഫ് നൽകിയത് മത്സരിച്ചു. ചില സീറ്റുകളിൽ അല്ലാതെയും മത്സരിച്ചു. അല്ലാതെ മത്സരിച്ചതും യു ഡി എഫിൽ നിന്ന് മത്സരിച്ചതും വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. കാരണം കോൺഗ്രസിന്റെ വോട്ടുകളൊന്നും ഷിഫ്റ്റ് ചെയ്‌ത് ഞങ്ങളിലേക്ക് വന്നിട്ടില്ല. ഞങ്ങൾക്ക് മാത്രമല്ല, മറ്റ് ചെറിയ കക്ഷികൾക്കും ഈ അവസ്ഥയുണ്ടായിട്ടുണ്ട്. ചെറിയ കക്ഷികൾക്ക് നൽകിയ സീറ്റുകളിൽ ഭൂരിപക്ഷത്തിലും റിബലുകളുണ്ടായിരുന്നു. റിബൽ ഇല്ലാത്തിടത്തെല്ലാം വോട്ട് മറിക്കലും നടന്നു.

എത്ര സീറ്റുകളിൽ ഫോർവേഡ് ബ്ലോക്കിന് വിജയിക്കാനായി?

ഒരു സീറ്റിലും വിജയിക്കാനായില്ല. ഞങ്ങൾക്ക് ലഭിച്ച സീറ്റുകളൊന്നും പരമ്പരാഗതമായി യു ഡി എഫ് സീറ്റുകളായിരുന്നില്ല. എൽ ഡി എഫോ ബി ജെ പിയോ സ്ഥിരമായി ജയിച്ചുകൊണ്ടിരുന്ന സീറ്റുകളാണ് ഞങ്ങൾക്ക് നൽകിയത്. പിന്നെ പുതിയ കക്ഷി എന്ന നിലയിൽ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കുകയായിരുന്നു. ചോദിച്ച സീറ്റുകൾ നൽകാതെ വന്ന സ്ഥലങ്ങളിലാണ് ഞങ്ങൾ ഒറ്റയ്‌ക്ക് മത്സരിച്ചത്. നൽകിയ ചില സീറ്റുകളിൽ കാര്യമായ മത്സരം നടത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

യു ഡി എഫിൽ ഫോർവേഡ് ബ്ലോക്കിന് അസംതൃപ്‌തിയുണ്ടോ?

യു ഡി എഫിൽ അസംതൃപ്‌തിയെന്ന് പറയാൻ പറ്റില്ല. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങളോട് കാണിച്ച സമീപനം ശരിയല്ല.

കോൺഗ്രസിന്റെ സമീപനങ്ങളൊക്കെ മാറ്റണമെന്ന് ആർ എസ് പി ഉൾപ്പടെയുളള കക്ഷികൾ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഫോർവേഡ് ബ്ലോക്കിന്റെ നയം?

അതൊക്കെ യു ഡി എഫിൽ പറഞ്ഞിട്ടുണ്ട്. പറഞ്ഞ കാര്യങ്ങൾ പുറത്തിറങ്ങി പത്രക്കാരോട് പറഞ്ഞില്ലയെന്നേയുളളൂ.

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റൊക്കെ നൽകുമെന്ന് പ്രതീക്ഷയുണ്ടോ?

ഒരു മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ആ രീതിയിലുളള അക്കൊമഡേഷൻ ഉണ്ടായിരിക്കണമല്ലോ. രാഷ്ട്രീയ പാർട്ടികൾ മുന്നണിക്കകത്ത് നിൽക്കുന്നത് വെറുതെ ആ മുന്നണിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാൻ വേണ്ടി മാതക്രമല്ലല്ലോ.

യു ഡി എഫിന് എവിടെയാണ് പാളിച്ച പറ്റിയത്. സ്ഥാനാർത്ഥി നിർണയത്തിലാണോ?

സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയല്ല പ്രധാനഘടകം. എതിർപക്ഷത്തെ തന്ത്രങ്ങൾ എന്താണെന്ന് കണ്ടെത്തി അതനുസരിച്ചുളള മറു തന്ത്രം പ്രയോഗിക്കുക എന്നതാണ് യുദ്ധത്തിലെ പ്രധാന കടമ്പ. അത് നിർവഹിക്കാൻ പറ്റാതെ പോയി. എൽ ഡി എഫ് വിജയ സാദ്ധ്യത മാത്രം കണക്കിലെടുത്ത് രണ്ടായിരത്തി അഞ്ഞൂറോളം സീറ്റുകളിൽ പാർട്ടി ചിഹ്നത്തിന് പകരം കുന്തം, കൊടുവാൾ, മഴു എന്നിവയിലൊക്കെയാണ് മത്സരിച്ചത്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചെയ്യാൻ മടിക്കുന്ന ആൾക്കാരെ കൂടി അവർ അടുപ്പിച്ചു. അതൊരു തന്ത്രമായിരുന്നു. ഈ സർക്കാരിനെതിരായ എല്ലാ ആരോപണങ്ങളുടെയും കുന്തമുന ചെന്നു നിന്നത് പിണറായി വിജയനിലായിരുന്നു. പാർട്ടിക്ക് എതിരായ കുന്തമുന കോടിയേരിയിലായിരുന്നു. അതുകൊണ്ട് തന്നെ യു ഡി എഫിന്റെ പ്രധാന ടാർഗറ്റ് ഈ തിരഞ്ഞെടുപ്പിൽ ഇവർ രണ്ട് പേരും മാത്രമായിരുന്നു. എന്നാൽ എൽ ഡി എഫ് ഇവർ രണ്ട് പേരെയും ചിത്രത്തിൽ നിന്നു തന്നെ മാറ്റി.

യു ഡി എഫ് താഴെതട്ടിൽ ശക്തിപ്പെടേണ്ട ആവശ്യമില്ലേ?

ഉറപ്പായിട്ടും ശക്തിപ്പെടുത്തേണ്ടതുണ്ട്. പല ജില്ലകളിലും യു ഡി എഫ് നല്ലൊരു സംഘടന സംവിധാനമുളള സംവിധാനമല്ല. മേലിൽ നിന്ന് പറയുന്ന കാര്യങ്ങൾ തീരുമാനമെടുത്ത് പിരിയുന്ന ഒരു സംവിധാനമാണത്. അതു പോലെ പറ്റില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ തന്നെ ജയിക്കാനുളള ഒരു തന്ത്രവും യു ഡി എഫിന് ഉണ്ടായിരുന്നില്ല. കുറേ ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും നിർത്തി. ചിലർ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പലരേയും സഹായിക്കാൻ ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയെന്നല്ലാതെ എന്ത് തന്ത്രമാണ് കോർപ്പറേഷൻ പിടിക്കാൻ നടത്തിയത്. കഴിഞ്ഞ അഞ്ച് വർഷം എൽ ഡി എഫിന്റെ എല്ലാ പ്രമേയങ്ങളും ബഡ്‌ജറ്റും പാസാക്കി കൊടുത്തത് യു ഡി എഫായിരുന്നു. നിലവിൽ എം എൽ എ ആയിരിക്കുന്നവരും എം എൽ എ ആകാൻ നിൽക്കുന്നവരും അവിടെ മാറിയും തിരിഞ്ഞും എതിർകക്ഷികളെ സഹായിച്ചിട്ടുണ്ട്.

ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും പിടിച്ച് നിർത്താൻ പറ്റിയില്ലെന്ന നിരീക്ഷണം ശരിയാണോ?

മലബാറിൽ മാത്രം ഉണ്ടാകേണ്ടിയിരുന്ന വെൽഫയർ പാർട്ടിയുമായുളള സീറ്റ് ധാരണ സംസ്ഥാനമൊട്ടാകെയുളള സഖ്യം ആണെന്ന കെണി സി പി എം പ്രചരിപ്പിച്ചപ്പോൾ കോൺഗ്രസിന്റെ നേതാക്കൾ ആ കെണിയിൽ വീണുപോയി. അതേസമയം അറുപത്തിയഞ്ചോളം പ‌ഞ്ചായത്തുകളിൽ സി പി എമ്മും എസ് ഡി പി ഐയും തമ്മിലുണ്ടാക്കിയ ധാരണ പുറത്തുകൊണ്ടുവരാൻ സാധിച്ചിട്ടുമില്ല. എസ് ഡി പി ഐ ജയിച്ച മിക്കവാറും സ്ഥലങ്ങളിലും എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് മൂന്നാമതും നാലാമതുമാണ്. വിവാദമുണ്ടാക്കാനുളള ബൈറ്റുകൾക്ക് വേണ്ടിയാണ് മാദ്ധ്യമങ്ങൾ മൈക്ക് നീട്ടിയതെന്ന് നേതാക്കന്മാർ മനസിലാക്കണമായിരുന്നു. കെണി തിരിച്ചറിയാനുളള ഗുണം നേതൃത്വത്തിന് ഉണ്ടാകണം.

ജോസ് കെ മാണിയുടെ പോക്ക് തിരിച്ചടിയായോ?

ആ പോക്ക് തിരിച്ചടിയായിട്ടില്ല. മറിച്ച് മുന്നാക്ക സമുദായങ്ങൾക്കുളള പത്ത് ശതമാനം സംവരണമൊക്കെ തിരഞ്ഞെടുപ്പിൽ വലിയ ഇഫ‌ക്‌ട് ഉണ്ടാക്കിയിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അനുകൂലമായ ട്രെൻഡ് ഉണ്ടാകുമോ?

ഏതിലേക്ക് മാറണമെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. ഈ സർക്കാരിന്റെ അഴിമതികൾ ഉൾപ്പടെ തുറന്നു കാട്ടപ്പെടും. നിലവിലുളള റോഡ് ടാറിടുന്നതും നിലവിലുളള സ്‌ക്കൂൾ പെയിന്റടിക്കുന്നതും വികസനമല്ല. നിലവിലുളള റോഡിനോടൊപ്പം നിങ്ങൾ പുതിയൊരു റോഡ് ഉണ്ടാക്കിയാൽ അത് വികസനമാണ്. നിലവിലെ പാലങ്ങൾക്കൊപ്പം നിലവിൽ പുതിയൊരു പാലം ഉണ്ടാക്കിയാൽ അത് വികസനമാണ്. എന്നാൽ കഴിഞ്ഞ അ‌ഞ്ച് വർഷത്തിനിടയ്‌ക്ക് കേരളത്തിൽ ഒരു മെഗാ പ്രോജക്‌ട് ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ കടമെടുക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു. പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികളെല്ലാം ആശങ്കാകുലരാണ്. പി എസ് സിയുടെ അവസ്ഥ നമുക്ക് അറിയാം. അതൊക്കെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. നിയമസഭയിൽ യു ഡി എഫിന് തന്നെയായിരിക്കും നേട്ടം.