raina

മുംബയ്: വൈറസ് മാനദണ്ഡം ലംഘിച്ച് കൂടുതൽ സമയം പ്രവർത്തിപ്പിച്ച നഗരത്തിലെ ഒരു ക്ളബിൽ പൊലീസ് നടത്തിയ റെയ്ഡിൽ മുൻ ഇന്ത്യൻ ക്രിക്ക‌റ്റ് താരം സുരേഷ് റെയ്‌ന ഉൾപ്പടെ 34 പേർ അറസ്‌റ്റിലായി. മുംബയ് വിമാനത്താവളത്തിനടുത്ത് പ്രവർത്തിക്കുന്ന ഡ്രാഗൺഫ്ളൈ ക്ളബിലാണ് റെയ്‌ഡ് നടന്നത്. വൈറസ് മാനദണ്ഡം ലംഘിച്ച് പാർട്ടി നടക്കുന്നതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തി റെയ്‌ഡ് നടത്തിയത്. പ്രശസ്‌ത ഗായകൻ ഗുരു രൺധാവയും ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ പത്നിയായിരുന്ന സുസൈൻ ഖാനും ക്ളബിലെ ഏഴ് ജീവനക്കാരും അറസ്‌റ്റിലായവരിൽ പെടുന്നു. ഇവരെയെല്ലാം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

യു.കെയിൽ അതിവേഗം പടരുന്ന വൈറസ് പുതിയ വകഭേദം കണ്ടെത്തിയതോടെ മുംബയിൽ മുൻകരുതൽ എന്ന നിലയിൽ രാത്രികാല കർ‌ഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവർഷത്തിന് മുന്നോടിയായി ഇന്നുമുതൽ ജനുവരി 5വരെയാണ് സർക്കാർ മുൻകരുതൽ എന്ന നിലയ്‌ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. നിയന്ത്രണങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ക്ളബിലും പൊലീസ് റെയ്‌ഡ് നടത്തിയത്.

ബോളിവുഡ്. പഞ്ചാബി, ഭാംഗ്ര, ഇൻഡി പോപ് ഗായകനാണ് ഗുരു രൺധാവ. ഇന്ത്യൻ മദ്ധ്യനിര ബാ‌റ്റ്സ്‌മാനും മികച്ച ഫീൽഡറുമായ സുരേഷ് റെയ്‌ന അടുത്തിടെയാണ് അന്താരാഷ്‌ട്ര ക്രിക്ക‌റ്റിൽ നിന്ന് വിരമിച്ചത്. 2005ൽ അന്താരാഷ്‌ട്ര ക്രിക്ക‌റ്റിൽ അരങ്ങേ‌റ്റം കുറിച്ച റെയ്‌ന ഒന്നര പതി‌റ്റാണ്ട് നീണ്ട കരിയർ കാലയളവിൽ 226 ഏകദിനങ്ങളും 18 ടെസ്‌റ്റും 78 ട്വന്റി 20യും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായും റെയ്‌ന മികച്ച പ്രകടനമാണ് കാഴ്‌ച വച്ചിട്ടുള‌ളത്.