fashion

ബ്രാന്റഡ് വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന നിരവധി പേരെ നമുക്ക് ചുറ്റും കാണാൻ കഴിയും. അത്തരത്തിൽ ബ്രാന്റഡ് വസ്ത്രങ്ങളെ പ്രണിയിക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. നിങ്ങൾക്ക് പരീക്ഷിക്കാനായി പുതിയൊരു ഫാഷൻ ട്രെന്റ് പരിചയപ്പെടുത്താം. ഇ​റ്റാലിയൻ ലക്ഷ്വറി ഫാഷൻ വസ്ത്ര ബ്രാന്റായ ഗുചിയാണ് പുതിയ ഫാഷൻ വസ്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗുചിയുടെ പുതിയ 'കറ പുരണ്ട' ഡെനിം ജീൻസും ഓവറോളുമാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാ വിഷയം.

പുല്ലിൽ നിന്നൊക്കെ വസ്ത്രങ്ങളിലേയ്ക്ക് പ​റ്റി പിടിയ്ക്കുന്ന പച്ച കറയാണ് ഈ ഡ്രസിലും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് ശരിയ്ക്കുള്ള കറയല്ല. ഈ ലുക്ക് കൃത്രിമമായി രൂപപ്പെടുത്തിയതാണ്. കാൽ മുട്ട് വരുന്ന ഭാഗത്താണ് കറ പിടിച്ച ലുക്ക് സൃഷ്ടിച്ചിട്ടുള്ളത്. ഈ ഡെനിം വസ്ത്രത്തിന്റെ പ്രാരംഭവില 1,400 ഡോളറാണ്. അതായത് ഏകദേശം 1,02,958 രൂപ. 'ഫാൾ വിന്റർ 2020 മെൻസ് കളക്ഷന്റെ ' ഭാഗമായിട്ടാണ് ഗുചി പുതിയ കളക്ഷൻ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ അന്താരാഷ്ട്ര ഫാഷൻ ലോകത്തെ സജീവ ചർച്ച വിഷയമായി മാറിയിരിക്കുകയാണ് കറ പിടിച്ച ഈ പുത്തൻ ലുക്ക്.