abhaya-case

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും കൊവിഡ് പരിശോധനയ്‌ക്ക് ശേഷം ജയിലിലേക്ക് മാറ്റി. തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. നാളെ ശിക്ഷാ വിധി കേൾക്കാനായി ഇരുവരെയും കോടതിയിലേക്ക് തിരികെ കൊണ്ടുവരും.

28 വർഷത്തിന് ശേഷമാണ് കേരളം കാത്തിരുന്ന കേസിൽ സുപ്രധാന വിധി വന്നത്. കോടതിക്കും ദൈവത്തിനും നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം. വിധി കേട്ട് പൊട്ടിക്കരഞ്ഞ സെഫി അൽപ്പ നേരം ബെഞ്ചിലിരുന്നു. തുടർന്ന് വെളളം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നിവ തെളിഞ്ഞതായും കോടതി വിധി പ്രഖ്യാപിക്കവെ വ്യക്തമാക്കി.