
തിരുവനന്തപുരം: കേസിൽ കുറ്റക്കാരാണെന്ന വിധികേട്ട് കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി. വിധി പ്രസ്താവം കേട്ടശേഷം പ്രതിക്കൂട്ടിലെ ബെഞ്ചിലിരുന്നു. തുടർന്ന് വെളളംവേണമെന്നാവശ്യപ്പെട്ടു. അല്പസമയം പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ ഫാദർ കോട്ടൂർ അക്ഷോഭ്യനായിരുന്നു. യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് ഫാദർ കോട്ടൂർ പ്രതിക്കൂട്ടിൽ നിന്നത്. താൻ നിരപരാധിയാണെന്നാണ് വിധികേട്ടശേഷം മാദ്ധ്യമങ്ങളോട് ഫാദർ കോട്ടൂർ പറഞ്ഞത്. ദൈവത്തിന്റെ പദ്ധതിയനുസരിക്കുന്നു. ദൈവമാണ് എന്റെ കോടതി. ദൈവം കൂടെയുള്ളപ്പോൾ എന്തിനാ പേടിക്കുന്നെ... ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിധി കേട്ടതോടെ കോടതിക്ക് പുറത്തുണ്ടായിരുന്ന പ്രതികളുടെ ബന്ധുക്കളും കന്യാസ്‌ത്രീകളും പൊട്ടിക്കരയുന്നുണ്ടായിരുന്നു.
അഭയ കേസിൽ ഫാ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരെന്ന് ഇന്നുരാവിലെയാണ് തിരുവനന്തപുരം സി ബി ഐ കോടതി കണ്ടെത്തിയത്. ഇവരുടെ ശിക്ഷാ വിധി നാളെയുണ്ടാകും. 28 വർഷത്തിന് ശേഷമാണ് കേരളം കാത്തിരുന്ന കേസിൽ സുപ്രധാന വിധി വരുന്നത്.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോൺവെന്റിന്റെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ.