
ചിത്രീകരണം ഡിസംബർ 26ന് പെരുമ്പാവൂരിൽ തുടങ്ങും
അവാർഡുകൾ വാരിക്കൂട്ടിയ ഒരാൾപ്പൊക്കം, ഒഴിവ് ദിവസത്തെ കളി, എസ്. ദുർഗ്ഗ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധയാകൻ സനൽകുമാർ ശശിധരൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ടൊവിനോ തോമസ് നായകനാകുന്നു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ നായിക.ഡിസംബർ 26ന് പെരുമ്പാവൂരിൽ ഈ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും. അഞ്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം റാന്നിയിലേക്ക് ഷിഫ്ട് ചെയ്യും.ഇപ്പോൾ രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന കളയുടെ അവസാന ഘട്ട ചിത്രീകരണത്തിലാണ് ടൊവിനോ തോമസ്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. കള പൂർത്തിയാക്കിയ ശേഷം സനൽകുമാർ ശശിധരന്റെ ചിത്രത്തിൽ ടൊവിനോ ജോയിൻ ചെയ്യും.മഞ്ജുവാര്യർ നായികയായ കയറ്റമാണ് സനൽകുമാർ ശശിധരൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ഷാജി മാത്യു, അരുണാമാത്യു എന്നിവരുമായി ചേർന്ന് മഞ്ജുവാര്യരാണ് കയറ്റം നിർമ്മിച്ചിരിക്കുന്നത്.