
സന്ധ്യ മയങ്ങിയപ്പോൾ കുട്ടിച്ചൻ പള്ളിസെമിത്തേരിയിലേക്ക് നടന്നു. ഒരു മെഴുകുതിരി വടവനച്ചാലിൽ ചെറിയാച്ചന്റെ കല്ലറയ്‌ക്ക് മുകളിൽ കത്തിച്ചുവെച്ചു. പ്രായം തളർത്താത്ത ആ തൊണ്ണൂറുകാരൻ കല്ലറയുടെ അരിക് ചേർന്നിരുന്നു. ആ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ ചെറിയാച്ചന്റെ കല്ലറയിലേക്ക് വീണു.
ചെറിയാച്ചോ... നാളെ ഇറങ്ങുവാ, ഇവിടൂന്നു.
അതിനു മുൻപ് നിന്നെ ഒന്നുടെ കാണാൻ തോന്നി. അതാ വന്നത്... പോകാൻ മനസനുവദിക്കുന്നില്ലടോ. കഴിഞ്ഞ അൻപത് വർഷത്തെ അദ്ധ്വാനം എല്ലാം വിറ്റു. ഈ പ്രായത്തിലിനി മക്കള് പറയുന്ന കേട്ടല്ലേ പറ്റൂ. അവർക്ക് അവരടെ പിള്ളേരുടെ ഭാവി നോക്കേണ്ടെടാ. ഉവ്വേ.. നമ്മളെ പോലെ കൃഷി പറ്റത്തില്ലല്ലോ. അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്രേം നാളായിട്ടും എന്തേലും വികസനം വന്നോ? ഈ നാട് കൊള്ളത്തില്ലെടാ കൃഷി ചെയ്‌താൽ മണ്ണീന്നു തിന്നാനൊള്ളത് കിട്ടും. ബാക്കിയൊന്നും ഒണ്ടാകത്തില്ല. മനുഷ്യനും മാൻജാതിയും ഇല്ലാത്തിടത്തു എന്തിനാ വികസനം. അല്ലേടാ. നീയാടാ ഭാഗ്യവാൻ .. ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ?പണ്ടിങ്ങോട്ട് കുടിയേറിയവരിൽ ഇതൊക്കെ കാണാനും കേൾക്കാനും ഞാൻ മാത്രമേ ബാക്കിയൊള്ളു. ഭാഗ്യവാന്മാരെല്ലാം നേരത്തെ മണ്ണടിഞ്ഞു.
നിനക്ക് ഓർമ്മയുണ്ടോ ആദ്യമായി നമ്മളിങ്ങോട്ട് വന്നത്, എന്റെ ആദ്യ തീവണ്ടി യാത്ര. വടകരയിറങ്ങി ബസിന് വളയത്തെത്തുമ്പോൾ നേരം പുലർന്നിരുന്നു. അവിടൂന്നു മലകയറുമ്പോൾ പലതവണ ഞാൻ പറഞ്ഞതാ ചെറിയാച്ചാ, വേണ്ടാന്ന്. പിന്നെയും നീയുള്ളതാരുന്നു ഒരാശ്വാസം. എ കെ സി സി യുടെ പത്രപരസ്യം അതായിരുന്നു. തെക്കൻ തിരുവിതാംകൂറുകാരെ മലബാറിലേക്ക് ആകർഷിച്ചത്. ഏക്കറൊന്നിനു അഞ്ഞൂറ് രൂപ. നടന്നിങ്ങു മലയിലെത്തിയപ്പോഴോ ഫലഭൂയിഷ്ടമായ മണ്ണുകണ്ടു എല്ലാവർക്കും കണ്ണ് മഞ്ഞളിച്ചു. ഒള്ളതെല്ലാം വിറ്റുപെറുക്കി എല്ലാരും സ്ഥലം വാങ്ങി.
ഒടുവിൽ, ഈ പ്രദേശം മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് നൂറുമേനി വിളയുന്ന പൊന്നും ഭൂമിയാക്കിയപ്പോൾ നമ്മളാരേലും ചിന്തിച്ചോ ഇവിടൂന്നു ഒരു കുടിയിറക്കം.
ആ മിച്ചഭൂമി പ്രശ്‌നം ഇല്ലാരുന്നേൽ ആരും പോകത്തില്ലാരുന്നു. ഒരു കണക്കിന് പറഞ്ഞാൽ എല്ലാം തകിടം മറിച്ചത് അതായിരുന്നു. എത്രകൊല്ലം സമരം ചെയ്‌തു, കേസ് നടന്നു. ഒടുവിൽ പ്രശ്‌നം ഒന്നുമില്ല എന്ന് രാഷ്ട്രപതി ഒപ്പിട്ടു പട്ടയം കൈയിൽ കിട്ടിയപ്പോഴേക്ക് ആളൊഴിഞ്ഞ മരണവീട് പോലെയായി നാട്. മൊത്തത്തിൽ ഒരു മൂകത. പിള്ളേരെ പഠിപ്പിക്കാനും മറ്റുമായി ഓരോരുത്തരായി മലയിറങ്ങി. കൂടുതൽ പേരും കോളയാടോട്ട് ചേക്കേറി.
ചെറിയാച്ചോ.നമ്മളിവിടെ ഭൂമി മേടിക്കുന്ന സമയത്തു കോളയാട് ഏക്കറിന് ഇരുന്നൂറ്റിഅമ്പതു രൂപയാ. ഇന്നവിടം വല്യ ടൗണാടോ.. നീയൊന്നു കാണണം. നിന്റെ എളയവനും അവിടെ വീട് വെച്ചിട്ടുണ്ട്. അവനും ഇവിടം വിൽക്കാനുള്ള പരിപാടി ഒക്കെ നോക്കുന്നുണ്ട്. ആരെ കൊണ്ടാകും ഇനിയുള്ള കാലത്ത് ഇതൊക്കെ നോക്കാൻ? മക്കളെയെല്ലാം കെട്ടിച്ചു .ഒരു മോനുള്ളത് ഗൾഫിലാ, അവന്റെ കല്യാണത്തിന് പോയ വിശേഷം മുൻപൊരിക്കൽ ഞാൻ നിന്നോട് പറഞ്ഞതാ ഓർക്കുന്നുണ്ടോ?
ഇനി ഇവിടെ വന്നു മെഴുകുതിരി കത്തിക്കാൻ ആളുണ്ടാവില്ല. കഴിഞ്ഞ നാൽപതു വർഷം മുടങ്ങാതെ ഞാൻ ഇവിടെ വന്നു മെഴുകുതിരി കത്തിച്ചു. നിന്റെ കൂടെ ഇവിടെ കെടക്കണം എന്നാഗ്രഹിച്ചു ഇനി അതിനു കഴിയില്ലല്ലോ?
ഞാൻ പോയേക്കുവാടാ. ഉവ്വേ. ഇനിയിരുന്നാ ഞാൻ കരഞ്ഞുപോകും. പണ്ടേക്ക് പണ്ട് നീ പറഞ്ഞതാ.
കുട്ടിച്ചാ. ഇനി ഈ കണ്ണ് നെറയെരുതെന്നു. അതുകൊണ്ട് മാത്രം. ഇനി വയ്യ. പക്ഷേ മലയിറങ്ങുന്നതിനു മുന്നേ കുട്ടിച്ചാനൊന്നു. കരയും. മനസ് തൊറന്ന്.
കണ്ണ് തുടച്ച് കുട്ടിച്ചൻ എഴുന്നേറ്റു.
ചാച്ചനിവിടെ എന്നാടുക്കുവാ? ഇനി അന്വേഷിക്കാൻ ഒരിടം ബാക്കിയില്ല . എങ്ങോട്ടേലും എറങ്ങുമ്പോൾ ഒന്ന് പറഞ്ഞേച്ചു പൊയ്‌ക്കൂടേ. മനുഷ്യനെ മെനക്കെടുത്താനായിട്ട്. നാളെ പോകേണ്ടതാണെന്നു വല്ല ഓർമ്മയും ഒണ്ടോ?
ആരാ.. ബെന്നിയാണോടാ. കുട്ടിച്ചൻ ടോർച്ചു തെളിച്ചു. അതെ ചാച്ചാ.. ചാച്ചനെ വീട്ടിലെല്ലാവരും അന്വേഷിക്കുന്നുണ്ട്. എത്സമ്മയും ലിസമ്മയും കുടുംബമടക്കം വന്നിട്ടുണ്ട് നാളെ പോകുവല്ലേ അതുകൊണ്ട് ഇന്നെല്ലാവരും ഇവിടെ കൂടാമെന്നു വെച്ചു.
ങാ.. അതെ. നാളെ പോകുവല്ലേ . ഇനിയൊരു മടക്കം ഒണ്ടാവൂല്ലല്ലോ. ഞാനെന്റെ ചെറിയാച്ചനോട് ഒന്ന് യാത്ര പറയാൻ വന്നതാ. നീ നടന്നോ. ഞാനങ്ങ് വന്നേക്കാം. പള്ളിലൂടെ ഒന്ന് കേറണം. ആ കാണുന്ന ഓരോ കല്ലിലും എന്റെയും ചെറിയാച്ചന്റെയും കൈ പതിഞ്ഞതാ. എല്ലാമങ്ങനെ പെട്ടന്ന് മെറക്കാൻ പറ്റുവോ.. നടന്നോ ഞാൻ വന്നേക്കാം.
ബെന്നി പോയിക്കഴിഞ്ഞപ്പോൾ കുട്ടിച്ചൻ വീണ്ടും കല്ലറയിലേക്ക് തിരിഞ്ഞു. എളയവനാ.. എന്നെ കാണാഞ്ഞപ്പോൾ നോക്കിയിറങ്ങിയതാ... എല്ലാരും പെട്ടീം പ്രമാണോം കെട്ടി പോകാൻ തയ്യാറായി ഇരിക്കുവാ. പെൺപിള്ളേര് രണ്ടും വന്നിട്ടുണ്ട് നാളെ പോകുന്നേന്റെ ആഘോഷം.
നിനക്ക് ഓർമ്മയില്ലേ അവനെ... നീയാ അവനെ എഴുതിച്ചേ... അവനിപ്പോ പെണ്ണൊക്കെ കെട്ടി. മരുമോള് നഴ്സാ... രണ്ട് പെൺപിള്ളേരാ അവർക്ക്, അവരിനി ഈ മലേൽ നിന്നിട്ട് ഒരു കാര്യോം ഇല്ല.. പോയി രക്ഷപെടട്ടെ.
പറക്കമിറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ എന്റെ കൈയിൽ തന്നിട്ട് ത്രേസ്യ പോയപ്പോൾ പകച്ചുനിന്ന എന്നോട്. എന്റെ എട്ടെണ്ണത്തിന്റെ കൂടെ നിന്റെ മൂന്നെണ്ണം കൂടെ വളർന്നോളും എന്ന നിന്റെ വാക്കായിരുന്നു എന്റെ ശക്തി. ഒരമ്മ പെറ്റ മക്കളെ പോലെ എല്ലാവരും വളർന്നു ഒന്നിനും ഒരു കുറവും അന്നാമ്മച്ചി വരുത്തീല. ഇപ്പോൾ തണ്ടും താടിയുമായപ്പോൾ എല്ലാവരും പലവഴി പിരിഞ്ഞു. ത്രേസ്യ പോയി, നീ പോയി, അന്നാമ്മച്ചി പോയി. ഞാൻ മാത്രം കാലത്തിനു സാക്ഷിയായി ഇനിയുമെത്ര നാളെന്നറിയാതെ ഓരോ ദിവസവും തള്ളിനീക്കുന്നു. ഒരു കാലം കഴിഞ്ഞാൽ ആരും പഴയതൊന്നും ഓർക്കില്ലേടാ ഉവ്വേ.. അതാണ് ലോകം.
ഞാനിറങ്ങുവാ.. ഇനിം പറഞ്ഞോണ്ടിരുന്നാൽ ഒരായുസുമുഴുവൻ പറയാനുണ്ടാകും. പിള്ളേരുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടി വരും. കുട്ടിച്ചൻ ചെറിയാച്ചന്റെ കല്ലറയിൽ ചുംബിച്ചു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
കണ്ണ് തുടച്ചു സെമിത്തേരിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒരു തണുത്ത കാറ്റ് കുട്ടിച്ചന്റെ ദേഹം കുളിർപ്പിച്ചു കടന്നുപോയി. അകമിപ്പോഴും എരിയുന്ന ചൂളയാണ്. പള്ളിയിൽ കയറി കുരിശുവരച്ചിറങ്ങിയപ്പോൾ കുട്ടിച്ചൻ ചുമരിൽ മെല്ലെ തലോടി. ഈർപ്പം കെട്ടിയ കരിങ്കല്ലിലെ നനവിനും കണ്ണുനീരിന്റെ ഉപ്പുരസം ഉണ്ടെന്നു കുട്ടിച്ചനു തോന്നി. പള്ളിമേടയിൽ കയറി അച്ചനേയും കണ്ട് യാത്ര പറഞ്ഞു കുട്ടിച്ചൻ വീട്ടിലേക്ക് നടന്നു.
നടവഴിയിൽ, പുൽനാമ്പുകളോരോന്നും കുട്ടിച്ചന് യാത്രാമംഗളം നേർന്നു. നട്ടുവളർത്തിയ കല്പവൃക്ഷങ്ങളും, മാവും പ്ലാവും ജാതിയുമെല്ലാം ഇരുട്ടിൽ കുട്ടിച്ചനറിയാതെ തേങ്ങി. ഇടയിൽ വീശിയ കാറ്റ് അവരുടെ തേങ്ങലും വഹിച്ചുകൊണ്ട് ഒഴിഞ്ഞ തൊഴുത്തും കയറിയിറങ്ങി പടിഞ്ഞാറു ഇരുണ്ടുകൂടിയ മഴമേഘങ്ങൾക്കിടയിലേക്ക് ലയിച്ചു.
ദേഹം ഉപേക്ഷിച്ചു ആത്മാവ് യാത്രക്കൊരുങ്ങുന്നു. വീടടുത്തപ്പോൾ കുട്ടിച്ചനു തോന്നിയതതാണ്. തന്റെ ആത്മാവ് ഇവിടെയാണ് ദേഹം ഒരു വലിയ യാത്രക്കൊരുങ്ങുന്നു.
മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായി വീട്ടിൽ തിരക്കുപിടിച്ച ഒരുക്കങ്ങൾ നടക്കുന്നു.
പഴയകഥകൾ പറയുന്നു, പൊട്ടിച്ചിരിക്കുന്നു. ഒന്നിലുമുൾപ്പെടാതെ കുട്ടിച്ചൻ തന്റെ മുറിയിലേക്ക് നടന്നു, ചാരുകസേരയിലേക്ക് ചാഞ്ഞു. എൽസിയെ ഇച്ചിരെ വെള്ളം ചൂടാക്കിക്കെ ചാച്ചനൊന്നു കുളിക്കണം.
കൊച്ചുമക്കൾ ചുറ്റും കൂടിയപ്പോൾ കുട്ടിച്ചൻ എഴുന്നേറ്റു. മക്കളുമാര് അപ്പുറത്തു പോയി കളിച്ചോ, അപ്പച്ചൻ ഒന്ന് കുളിക്കട്ടെ. എൽസി വെള്ളം ചൂടാക്കി ബക്കറ്റിലേക്ക് പകർന്നു കുളിമുറിയിൽ വച്ചു. കുളികഴിഞ്ഞു ആഹാരവും കഴിച്ചെന്നു വരുത്തി കുട്ടിച്ചൻ നേരത്തെ കിടന്നു. നാളെ... തലശ്ശേരിയിൽ ബെന്നി വാങ്ങിയ കടൽത്തീരത്തിനടുത്തെ ആ കുഞ്ഞു വീട്ടിൽ കടൽകാറ്റേറ്റ് ചാരുകസേരയിലിരുന്ന് ജീവിതത്തിലെ പുതിയ കാണുന്ന ഒരു പുതിയ മനുഷ്യനെ സ്വപ്‌നത്തിൽ കാണുകയായിരുന്നു കുട്ടിച്ചൻ. പുറത്തു മഴപെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ അൻപതുകൊല്ലം തന്നിൽ നിന്നും വലിച്ചെടുത്ത വിയർപ്പുതുള്ളികൾ മഴയായ് ഈ രാത്രി പെയ്‌തു തീരുകയാണ്. മഴയുടെ ആർത്തനാദത്തോടൊപ്പം കുട്ടിച്ചനും കരഞ്ഞു.
പെയ്‌തു വീണ മഴത്തുള്ളികളിലെ ഉപ്പുരസം മണ്ണ് തിരിച്ചറിഞ്ഞു അത് ചെറിയാച്ചൻ കിടന്ന ആറടി മണ്ണിലേക്ക് ആഴ്ന്നിറങ്ങി.