
ന്യൂഡൽഹി: ഭരണത്തുടർച്ചയ്ക്കുവേണ്ടി ബി ജെ പിയെ പ്രതിപക്ഷമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം പച്ചയ്ക്ക് വർഗീയത പറയുകയാണെന്നും കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസിനെ ലീഗാണ് നയിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.
പിണറായി പറയുന്നത് ഇ എം എസ് പ്രോത്സാഹിപ്പിച്ച ഭൂരിപക്ഷ വർഗീയ തന്ത്രമാണ്. പിണറായി വിജയനും വി മുരളീധരനും തമ്മിലുളള അന്തർധാര ശക്തമാണ്. വാഗ്ദ്ധാനങ്ങൾ നൽകിയുളള മുഖ്യമന്ത്രിയുടെ കേരളയാത്ര പരാജയം ആയിരിക്കും. കോൺഗ്രസിൽ ഇപ്പോൾ കൂടിയാലോചനകൾ നടക്കുന്നില്ല. കൂട്ടായ നേതൃത്വമാണ് ആവശ്യം- മുരളീധരൻ പറഞ്ഞു.
കഴിഞ്ഞദിവസമാണ് കോൺഗ്രസിനെ ലീഗാണ് നയിക്കുന്നതെന്നതരത്തിൽ മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു ഡി എഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നുതുടങ്ങുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെച്ചൊല്ലിയുളള രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്. കഴിഞ്ഞദിവസം കോൺഗ്രസും ലീഗും പ്രസ്താവനയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇകെ സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിലും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ നിശിതമായി വിമർശിച്ചിരുന്നു.