
വിവാഹത്തിന് മുമ്പ് നല്ല ജോലി സാമ്പത്തിക സ്ഥിരത ഇതൊക്കെ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ കുറവാണ്. സ്വന്തമായി വീടുവച്ച ശേഷം മാത്രമെ വിവാഹം കഴിക്കൂ എന്നൊക്കെ ദൃഢപ്രതിജ്ഞയെടുക്കുന്ന നിരവധി ചെറുപ്പക്കാരെ നമ്മുക്ക് ചുറ്റും കാണാൻ കഴിയും. എന്നാൽ സ്വന്തമായി ഇഷ്ട ബ്രാൻഡിന്റെ ഫോൺ ലഭിച്ചാലേ വിവാഹിതാനാകൂ എന്ന് പ്രതിജ്ഞ ചെയ്തൊരാളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരി്ക്കുന്നത്. കമൽ അഹമ്മദ് എന്ന യുവാവാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ഷവോമിയുടെ എം.ഐ 10 ടി പ്രോ എന്ന് കയ്യിൽ കിട്ടുന്നോ അന്നേ താനൊരു വിവാഹം കഴിക്കൂ എന്നാണ് കമൽ അഹമ്മദ് ഉറപ്പിച്ച് പറഞ്ഞത്. കമലിന്റെ പ്രതിജ്ഞയെ കുറിച്ച് അറിഞ്ഞ ഷവോമി തന്നെ വിവാഹം പെട്ടെന്ന് നടക്കാനായി ഒടുവിൽ അദ്ദേഹത്തിന്റെ ഇഷ്ട മോഡൽ സമ്മാനവും നൽകി.
ഡിസംബർ 11 നായിരുന്നു ട്വിറ്ററിൽ കമലിന്റെ പ്രതിജ്ഞ. എം.ഐ 10 ടി പ്രോ സ്വന്തമായി കിട്ടാതെ താൻ വിവാഹം കഴിക്കില്ല എന്ന് കമൽ ട്വീറ്റ് ചെയ്തു. ഡിസംബർ 21 ആയപ്പഴേക്കും കമലിന്റെ വിവാഹകാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഡിസംബർ 21ന് തന്റെ പ്രതിജ്ഞയറിഞ്ഞ ഷവോമി എം.ഐ 10 ടി പ്രോ സമ്മാനമായി നൽകിയതിനെ കുറിച്ച് ട്വീറ്റിൽ പറയുന്നു. പുതിയ ട്വീറ്റിൽ വിവാഹത്തെ കുറിച്ച് പറയുന്നില്ലെങ്കിലും എം.ഐ 10 ടി പ്രോ യുടെ പ്രത്യേകതകൾ കമൽ വിശദമായി എഴുതിയിട്ടുണ്ട്.
എന്നാൽ, യഥാർത്ഥത്തിൽ യുവാവിന് ഷവോമി പുതിയ മോഡൽ സമ്മാനമായി നൽകിയതല്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷവോമിയുടെ എൻഗേജ്മെന്റ് ബിൽഡിംഗ് ആക്ടിവിറ്റികളിൽ സ്ഥിരമായി പങ്കെടുത്തിരുന്ന ആളാണ് കമൽ. എം.ഐ 10 ടി പ്രോ വാങ്ങാനായി പണവും സ്വരൂപിച്ചിരുന്നു. ഭാഗ്യമെന്ന് പറയട്ടെ കമ്പനിയുടെ കൂപ്പണിൽ നിന്ന് എം.ഐ 10 ടി പ്രോ ലഭിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. ഇനി സ്വരുക്കൂട്ടിയ പണം വിവാഹത്തിന് ചെലവഴിക്കാമെന്ന സന്തോഷത്തിലാണ് യുവാവ്. ഇതുകൊണ്ടും തീർന്നില്ല, കമലിനെ ഷവോമിയുടെ ഇന്ത്യൻ മേധാവി മനു കുമാർ ജെയിൻ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും താങ്കൾ വിവാഹത്തിന് തയ്യാറാകുമെന്നാണ് കരുതുന്നത് എന്നാണ് മനു ജെയിനിന്റെ ട്വീറ്റ്. ഫോണിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കണമെന്നും ട്വീറ്റിൽ പറയുന്നു.