evm

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടാറുന്നതിന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സംസ്ഥാനത്ത് 55,​000 ആധുനിക ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉടൻ എത്തും. ഇതിനൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം സ്ളിപ്പ് നൽകുന്നതിനുള്ള 53,​000 വിവിപാറ്റ് യന്ത്രങ്ങളും കൊണ്ടുവരുന്നുണ്ട്.

എം2 അല്ല എം3

തെലങ്കാനയിലെ എട്ട് ജില്ലകളിൽ നിന്ന് 55,000 വോട്ടിംഗ് യന്ത്രങ്ങളും 53,000 വിവിപാറ്റ് യന്ത്രങ്ങൾ മഹാരാഷ്ട്രയിലെ മൂന്ന് ജില്ലകളിൽ നിന്നുമാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എം2 സീരീസിലുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഇവ വ്യാപകമായി തകരാറിലായതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആധുനികമായ എം3 സീരിസ് ഉപയോഗിക്കാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി തകരാറിലായിരുന്നു. പകരം കൊണ്ടുവന്നവയും തകരാറിലാവുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. എം2വിനെ അപേക്ഷിച്ച് എം3 സീരിസിലുള്ള വോട്ടിംഗ് യന്ത്രങ്ങൾ സാങ്കേതിക തകരാറുകൾ കുറഞ്ഞവയാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം2 സീരിസിലുള്ള 35,​000 വോട്ടിംഗ് യന്ത്രങ്ങൾ കരുതൽ ശേഖരമായി ഉണ്ടായിരുന്നു. സാധാരണ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ 30 ശതമാനം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും 20 ശതമാനം വിവിപാറ്റ് യന്ത്രങ്ങളും കരുതൽ ശേഖരമായി സൂക്ഷിക്കാറുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ എൻജിനീയർമാരാണ് വോട്ടിംഗ് യന്ത്രങ്ങളുടെ ഗുണമേന്മാ പരിശോധന നടത്തുക. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കും ഇത്. ജില്ലാകളക്ടർമാർമ മേൽനോട്ടം വഹിക്കും. പരിശോധനയിൽ പിഴവ് ശ്രദ്ധയിൽപെടുന്ന യന്ത്രങ്ങൾ ഉടൻ തന്നെ തിരിച്ചയയ്ക്കും.

യന്ത്രങ്ങൾ സൂക്ഷിക്കാൻ സംവിധാനം

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കി വരികയാണ്. ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലായി ഇതിനായുള്ള ഗോഡൗണുകൾ ഒരുക്കിയിട്ടുണ്ട്. മാർച്ചോടെ മറ്റ് ജില്ലകളിലും ഗോഡൗണുകൾ സജ്ജമാകും.

25,​041 ബൂത്തുകൾ

കേരളത്തിൽ 25,041 ബൂത്തുകളാണുള്ളത്. കൊവിഡിനെ തുടർന്ന് ബൂത്തിൽ 1000 പേരെ മാത്രം അനുവദിക്കുന്നതിനാൽ 15,000 ബൂത്തുകൾ കൂടി ഒരുക്കേണ്ടി വരുമെന്നാണ് കണക്ക്. അടുത്ത മാസത്തോടെ സ്കൂളുകളും കോളേജുകളിലെ അവസാന വർഷ ക്ളാസുകളും തുടങ്ങുന്നുണ്ട്. ഇതിന് പിന്നാലെ പരീക്ഷാക്കാലമാണ്. അതിനാൽ തന്നെ പരീക്ഷകൾ അവസാനിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഇക്കാര്യം സർക്കാർ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാർച്ചിൽ പൂർത്തിയാക്കാനാണ് സർക്കാർ നിശചയിച്ചിട്ടുള്ളത്.