
ന്യൂഡല്‍ഹി: വൈറസ് വ്യാപനത്തിൽ കച്ചവടം നഷ്ടപ്പെട്ട വിഷമത്തിൽ കരഞ്ഞ കാന്ത പ്രസാദിനെ ആരും മറക്കാനിടയില്ല. ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് 'ബാബാ കാ ധാബ' ഉടമ. മാളവ്യ നഗറിലെ 'ബാബാ കാ ധാബ' ഉടമ കാന്ത പ്രസാദ് പുതിയ റസ്റ്റോറന്റ് ആരംഭിച്ചു. മാളവ്യ നഗറില്‍ തന്റെ പെട്ടിക്കടയ്ക്കു സമീപമാണ് പുതിയ ഹോട്ടല്‍ ആരംഭിച്ചത്. രണ്ടു പാചകക്കാരെ നിയമിച്ചതായും പെട്ടിക്കടയിലെ ഹോട്ടല്‍ തുടര്‍ന്നും നടത്തുമെന്നും 80 വയസ്സുകാരനായ കാന്ത പ്രസാദ് പറയുന്നു.
വാടക കെട്ടിടത്തിലാണ് പുതിയ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുക. ഒരു മാസം മുന്‍പാണ് കാന്ത പ്രസാദ് വാര്‍ത്തകളില്‍ നിറഞ്ഞത്. വൈറസ് വ്യാപനത്തിൽ കച്ചവടം കുറഞ്ഞെന്ന് പറഞ്ഞ് പെട്ടിക്കടയ്ക്കുള്ളില്‍ പൊട്ടിക്കരഞ്ഞ കാന്തയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒട്ടേറെപ്പേരാണ് സഹായവുമായി എത്തിയത്.
പലരും ബാബയുടെ കടയിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. കാന്ത പ്രസാദ് കരയുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പണം തട്ടിയെടുത്തെന്ന് ആരോപിച്ച് പിന്നീട് കേസുമുണ്ടായി. ആളുകള്‍ നല്‍കിയ പണം യൂട്യൂബര്‍ തട്ടിയെടുത്തെന്നാണ് കാന്ത പ്രസാദ് ആരോപിച്ചത്. ചിലര്‍ വധഭീഷണി മുഴക്കിയെന്നും കാന്ത പ്രസാദ് പരാതിപ്പെട്ടിരുന്നു.