crime

തിരുവനന്തപുരം: ആറ്റിങ്ങലിൽ മക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിലായതിന് പിന്നാലെ, ഭർത്താവ് ഒരുതെറ്റും ചെയ‌്തിട്ടില്ലെന്ന് വിശദീകരണവുമായി ഭാര്യ രംഗത്ത്. വീട്ടിൽ ഉണ്ടായ ചെറിയൊരു പ്രശ്നത്തിന്റെ പേരിൽ ഭർത്താവിനെ പേടിപ്പിക്കാനായി താനും മക്കളും ചേർന്ന് ചെയ‌്ത വീഡിയോയാണ് പുറത്തുവന്നതെന്ന് യുവതി വെളിപ്പെടുത്തുന്നു. ഒരു ഈർക്കിൽ എടുത്തു പോലും ഭർത്താവ് തന്നെയോ മക്കളെയോ തല്ലിയിട്ടില്ലെന്നും, വളരെ കഷ്‌ടപ്പെട്ടാണ് കുടുംബം നോക്കുന്നതെന്നും ഇവർ പറയുന്നു.

യുവതിയുടെ വാക്കുകൾ-

'കഴിഞ്ഞ ആഴ്‌ച വീട്ടിൽ ഉണ്ടായ ചെറിയൊരു പ്രശ്നത്തിന്റെ പേരിൽ ചേട്ടനെ പേടിപ്പിക്കാൻ ഞാൻ എന്റെ ഫോണിൽ എടുത്ത വീഡിയോ ആണത്. ആ വീഡിയോ എന്റെ കുടുംബ ഗ്രൂപ്പിൽ ഇട്ടിരുന്നു. അതിപ്പോൾ ആരോ വൈറലാക്കി ഞങ്ങളുടെ കുടുംബത്തെയാകെ നാറ്റിച്ചിരിക്കുകയാണ്. എന്റെ ഭർത്താവ് അങ്ങനെയുള്ള ഒരാളല്ല. ഞങ്ങളെ ഇതുവരെ അദ്ദേഹം അടിച്ചിട്ടില്ല. ഒരു ഈർക്കിൽ എടുത്തുപോലും എന്റെ മക്കളെ അടിച്ചിട്ടില്ല. ഞാൻ വീഡിയോ എടുക്കുന്നത് കണ്ടുകൊണ്ടാണ് അച്ഛനെ പേടിപ്പിക്കാൻ വേണ്ടി എന്റെ മോൾ അതിൽ ഉറക്കെ നിലവിളിച്ചത്. അങ്ങേരെ ഒരു ദുഷ്‌ടനായിട്ടാണ് ഈ ലോകം ഇപ്പോൾ കാണുന്നത്. ഞാൻ വയ്യാത്ത ഒരാളാണ്. എന്റെ ട്രീറ്റുമെന്റിനും മറ്റുമായിട്ട് വളരെ കഷ്‌ടപ്പെട്ടാണ് നോക്കുന്നത്. എന്റെ കുടുംബത്തിലുള്ള ആരോ ചെയ‌്ത ചതിയാണ് ലോകം മൊത്തം കാണുന്നത്'.

രണ്ടു ദിവസം മുമ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചത്. സംഭവം വൈറലായതിനെ തുടർന്ന് ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാറിനെ പൊലീസ് അറസ്‌റ്റു ചെയ‌്തു. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കാണാതായ എന്തോ സാധനം കുട്ടികൾ എടുത്തുവെന്ന് ആരോപിച്ചാണ് മർദനം. ഞങ്ങൾ എടുത്തിട്ടില്ലെന്ന് കുട്ടികൾ കരഞ്ഞു പറയുന്നുണ്ടെങ്കിലും സുനിൽകുമാർ വീണ്ടും ഉപദ്രവിക്കുകയാണ്.

അടിവീഴുമ്പോൾ അനുജന്റെമേൽ വടി തട്ടാതിരിക്കാൻ മുന്നിൽ നിന്ന് അടി വാങ്ങുന്ന പതിമൂന്നുകാരിയും, ചേച്ചിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അനിയനുമാണ് ദൃശ്യങ്ങളിലുള്ളത്. 'അടിക്കല്ലേ അച്ഛാ' എന്ന് കുഞ്ഞുങ്ങൾ കരഞ്ഞുപറയുന്നുണ്ടെങ്കിലും സുനിൽകുമാർ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. ഇടയ്ക്ക് കുഞ്ഞുങ്ങളുടെ അമ്മയെയും ഇയാൾ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. പ്രതിയെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു.