mamata-banerjee-

കൊൽക്കത്ത : ക്രിസ്മസ് ദിനത്തെ എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കുന്നില്ല എന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനോട് ചോദ്യമുന്നയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് ഏരിയയിലെ അലൻ പാർക്കിൽ നടന്ന ക്രിസ്മസ് കാർണിവലിൽ സംസാരിക്കുകയായിരുന്നു മമത. ' എന്തുകൊണ്ടാണ് യേശുക്രിസ്തുവിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല ? ഞാൻ ഇത് മുമ്പും ചോദിച്ചിരുന്നു. നേരത്തെ ഈ രീതി ഉണ്ടായിരുന്നു. എന്നാൽ ബി.ജെ.പി സർക്കാർ എന്തുകൊണ്ടാണ് അത് പിൻവലിച്ചത്. ? ക്രിസ്ത്യാനികൾ എന്തു തെറ്റ് ചെയ്തു.? ലോകമെമ്പാടും ആഘോഷിക്കുന്നതാണ് ക്രിസ്മസ്. ' മമത പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് മത വിദ്വേഷ രാഷ്ട്രീയമാണ് തുടരുന്നതെന്നും മമത ആരോപിച്ചു. ' ഇന്ത്യയിൽ മതേതരത്വം ഉണ്ടോ ? ഒരു വിദ്വേഷ രാഷ്ട്രീയമാണ് രാജ്യത്ത് നടക്കുന്നത്. ഇതിൽ ഞാൻ ഖേദിക്കുന്നു. ' മമത കൂട്ടിച്ചേർത്തു. അതേ സമയം, ഇന്ത്യയിൽ ക്രിസ്മസ് ദിനമായ ഡിസംബർ 25 ദേശീയ അവധി ദിനം തന്നെയാണ്. മമതയുടെ ആരോപണം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്ന ആരോപണം വ്യാപകമായി ഉയർന്നിട്ടുണ്ട്.