
വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫൈസറിന്റെ കൊവിഡ് വാക്സിൻ സ്വീകരിച്ചു. വാക്സിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി ബൈഡൻ വാക്സിൻ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ഡെലവെയറിലെ ക്രിസ്റ്റിയാന ആശുപത്രിയിൽ വച്ചാണ് 78കാരനായ ബൈഡൻ വാക്സിൻ സ്വീകരിച്ചത്. ഭയപ്പെടാനൊന്നുമില്ലെന്നും വാക്സിൻ സ്വീകരിച്ച ശേഷവും മാസ്ക് ധരിക്കണമെന്നും വിഗദ്ധർ പറയുന്നത് അനുസരിക്കണമെന്നും ബൈഡൻ പറഞ്ഞു. ഇന്ന് ഞാൻ വാക്സിൻ സ്വീകരിച്ചു. ഇത് പ്രാവർത്തികമാക്കിയ ശാസ്ത്രഞ്ജർക്കും ഗവേഷകർക്കും നന്ദിയറിയിക്കുന്നു. നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. യാതൊന്നും ഭയപ്പെടാനില്ല. വാക്സിൻ ലഭ്യമാകുമ്പോൾ, നിങ്ങളെല്ലാവരും അത് സ്വീകരിക്കണം. നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ഭർത്താവും ഒരാഴ്ചക്ക് ശേഷമാകും വാക്സിന്റെ അദ്യ ഡോസ് സ്വീകരിക്കുക. അതേസമയം, പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വാക്സിൻ സ്വീകരിക്കുന്നതിനെ കുറിച്ച് ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. നേരത്തെ, ട്രംപിനും കൊവിഡ് ബാധിച്ചിരുന്നു.