covaxin

ഹൈദരാബാദ്: തദ്ദേശീയമായി വികസിപ്പിച്ച വൈറസ് രോഗ പ്രതിരോധ വാക്‌സി‌നായ കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പകുതിയോളം പേരിൽ നടത്തിയതായി അറിയിച്ച് നിർമ്മാതാക്കളായ ഭാരത് ബയോടെ‌ക്. 13,000 പേരിലാണ് മൂന്നാംഘട്ട വാക്‌സിൻ പരീക്ഷണം ഇതുവരെ നടത്തിയത്. ആകെ 26,000 പേരിലാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഐ.സി.എം.ആറുമായി ചേർന്ന് ഭാരത് ബയോടെക് നിർമ്മിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചത് നവംബർ പകുതിയോടെയാണ്.

'മുൻപെങ്ങും പതിവില്ലാത്ത തരത്തിലുള‌ള വാക്‌സിൻ പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നത്. ഈ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്ന 13,000 വളണ്ടിയർമാരോടും ഞങ്ങൾ നന്ദി പറയുന്നു.' ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ സുചിത്ര എല്ല പറഞ്ഞു. കൊവാക്‌സിൻ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളിലും 1000 പേർ വീതമാണ് പങ്കെടുത്തിരുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ), ദേശീയ വൈറോളജി ഇൻസ്‌റ്റി‌റ്റ്യൂട്ട് (എൻ.ഐ.വി) എന്നിവരുമായി ചേർന്നാണ് ഭാരത് ബയോടെക് കൊവാക്‌സിൻ നിർമ്മിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും മികച്ച ഫലമാണ് കൊവാക്‌സിൻ നൽകിയതെന്ന് കമ്പനി അറിയിച്ചു.

അവസാന ഘട്ട പരീക്ഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ ഒന്ന് ഡൽഹിയിലെ എയിംസ് ആണ്. 1500 പേരാണ് ഇവിടെ പരീക്ഷണങ്ങൾക്കായി ആവശ്യമുള‌ളതെന്നും കമ്പനി അറിയിച്ചു.