
ബ്രിട്ടൻ: കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പതിപ്പ് ബ്രിട്ടനിൽ അതിവേഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നെങ്കിലും ഇപ്പോഴത്തെ വാക്‌സിനുകൾ അതിനും ഫലപ്രദമാകുമെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. ആദ്യ കൊവിഡ് വൈറസിനെക്കാൾ 70 ശതമാനം സാംക്രമിക ശേഷി കൂടുതലാണ് ഇതിന്. എന്നാൽ രോഗം രൂക്ഷമാകാനും മരണം വർദ്ധിക്കാനും ഇത് കാരണമാകുമെന്ന് തെളിഞ്ഞിട്ടില്ല.
VUI ( വേരിയന്റ് അണ്ടർ ഇൻവെസ്റ്റിഗേഷൻ ) 2020 12 / 01 അഥവാ B. 1. 1. 7 എന്നാണ് പുതിയ വൈറസിന് പേര്. 23 ജനിതക മാറ്റങ്ങൾ സംഭവിച്ചാണ് ഈ വൈറസ് ഉണ്ടായത്. വൈറസുകളിൽ ജനിതക മാറ്റങ്ങൾ സാധാരണമാണെങ്കിലും ഇത്രയധികം മാറ്റങ്ങൾ അത്യപൂർവമാണ്. കഴിഞ്ഞ ജനുവരിയിൽ കൊവിഡ് വൈറസിന്റെ ജനിത ഘടന കണ്ടെത്തിയ ശേഷം മാസം രണ്ട് ജനിതക മാറ്റങ്ങൾ വീതം സംഭവിച്ചു.
ഇതിൽ എട്ട് മാറ്റങ്ങൾ മനുഷ്യ കോശങ്ങളിൽ അള്ളിപ്പിടിക്കാൻ നോവൽ കൊറോണ വൈറസിനെ സഹായിക്കുന്ന മുള്ളുകളിൽ ( സ്പൈക്ക് ) അടങ്ങിയിട്ടുള്ള പ്രോട്ടീനിലാണ്. അതിൽ രണ്ടെണ്ണം മാരകമാണ്. ഒന്ന് കോശങ്ങളെ ആക്രമിക്കാനുള്ള വൈറസിന്റെ ശേഷി വർദ്ധിപ്പിച്ചു. രണ്ടാമത്തേത് രോഗികളുടെ ദുർബലമായ പ്രതിരോധ വ്യവസ്ഥയെ തകർക്കും.
ജനിതക മാറ്റം
വൈറസുകൾ സ്വയം അതിന്റെ കോടാനുകോടി പകർപ്പുകളെ ( ക്ലോൺ ) സൃഷ്‌ടിച്ചാണ് പടരുന്നത്. ഈ പകർപ്പുകൾ പലപ്പോഴും ഒറിജിനൽ വൈറസിന്റെ കാർബൺ കോപ്പികൾ ആകണമെന്നില്ല. വൈറസുകൾ ക്ലോണുകളെ സൃഷ്‌ടിക്കുന്ന പ്രക്രിയയിൽ ചില ജനിതക പിശകുകൾ കടന്നുകൂടാം. ചില വൈറസുകൾക്ക് ഈ തെറ്റുകൾ തിരുത്താൻ ഒരു 'പ്രൂഫ് റീഡിംഗ് 'സംവിധാനം ഉണ്ട്. കൊവിഡിന് കാരണമായ സാർസ് കോവ് - 2 പോലുള്ള ആർ. എൻ. എ അധിഷ്ഠിത വൈറസുകളിൽ പ്രൂഫ് റീഡിംഗ് ഫലപ്രദമല്ലാത്തതിനാൽ ജനിതക പിശകുകൾ തിരുത്തപ്പെടാതെ ശേഷിക്കും. അതാണ് ജനിതക മാറ്റം അഥവാ മ്യൂട്ടേഷൻ. സ്പൈക്ക് പ്രോട്ടീനിൽ മാത്രം ലോകമെമ്പാടുമായി 4000ത്തിലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ചെന്നാണ് ബ്രിട്ടനിലെ കൊവിഡ് ജീനോം കൺസോർഷ്യം പറയുന്നത്.
വാക്സിനുകൾ പരിഷ്‌കരിക്കാം
സ്പൈക്ക് പ്രോട്ടീൻ ആധാരമാക്കിയാണ് ഫൈസർ, മൊഡേണ വാക്‌സിനുകൾ.അതിനാൽ ഈ വാക്സിനുകൾ പുതിയ വൈറസിനെയും പ്രതിരോധിക്കും. അമേരിക്കയിലും ബ്രിട്ടനിലും ഉപയോഗിക്കുന്നത് ഈ വാക്സിനുകളാണ്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കാൻ മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥയെ സഹായിക്കുന്ന വാക്സിനുകളാണിവ. സ്പൈക്ക് പ്രോട്ടീനിൽ മ്യൂട്ടേഷൻ വന്നാലും ഫൈസർ, മോഡേണ വാക്സിനുകൾ ഫലപ്രദമായിരിക്കും. വൈറസിലെ ഏത് മാറ്റത്തിനും അനുസൃതമായി ആറാഴ്‌ചയ്ക്കുള്ളിൽ പുതിയ വാക്സിൻ നിർമ്മിക്കാമെന്ന് ഫൈസർ വാക്സിന്റെ സഹനിർമ്മാതാക്കളായ ജർമ്മനിയിലെ ബയോൺടെക്ക് കമ്പനി അറിയിച്ചു.
കാലമെടുക്കും
വൈറസുകൾ ആന്റിബോഡിയെയും വാക്സിനെയും തോൽപ്പിക്കാറുണ്ട്. എങ്കിലും പ്രതിരോധ വ്യവസ്ഥയെ അതിജീവിക്കാൻ ജനിതക മാറ്റങ്ങളുടെ ഒരു പരമ്പര തന്നെ സംഭവിക്കണം. അതിന്റെ നല്ല ഉദാഹരണമാണ് ഇൻഫ്ലുവൻസ വൈറസ്. ഈ വൈറസിൽ ജനിതക മാറ്റങ്ങൾ അതിവേഗമാണ് സംഭവിക്കുന്നത്. എന്നിട്ടും പ്രതിരോധ വ്യവസ്ഥയെ മറികടക്കാൻ അഞ്ച് മുതൽ ഏഴ് വർഷം വരെ വേണം. ഇക്കാലയളവിൽ നിലവിലുള്ള വാക്സിൻ ഫലപ്രദമാകും. രോഗമുക്തി വർദ്ധിക്കുകയും വാക്സിനേഷൻ പ്രതിരോധം തീർക്കുകയും ചെയ്യുമ്പോൾ കൊറോണ വൈറസിന് വീണ്ടും ജനിതകമാറ്റങ്ങൾ സംഭവിക്കും. ഒരു വർഷത്തിനകം ജനസംഖ്യയുടെ 60ശതമാനത്തിനും വാക്സിനേഷൻ നടത്താനും രോഗനിരക്ക് കുറയ്‌ക്കാനും കഴിഞ്ഞാൽ വൈറസിന്റെ ജനിതക മാറ്റത്തിന് വലിയ പ്രസക്തി ഉണ്ടാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യയിലെ വാക്സിനുകളെ ബാധിക്കില്ല
വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിന് പുറമേ മറ്റ് പലഘടകങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയിൽ പരീക്ഷിക്കുന്ന വാക്സിനുകൾ. അവ പുതിയ വൈറസിനും ഫലപ്രദമായിരിക്കുമെന്ന് ഐ. സി. എം. ആർ മുൻ ശാസ്‌ത്രജ്‌ഞനും പ്രമുഖ സാംക്രമിക രോഗ വിദഗ്ദ്ധനുമായ ഡോ. രാമൻ ഗംഗാഖേദ്‌കർ പറഞ്ഞു.