
ലാസ: നാം മാത്രമല്ല, നമുക്ക് ചുറ്റുമുള്ളതും ശുചിയായി ഇരുന്നാൽ മാത്രമെ കാര്യമുള്ളൂ. പർവതാരോഹകയും പരിസ്ഥിതിപ്രവർത്തകയുമായ മാരിയോൺ ചാംങ്‌ന്യൂഡ് ഡുപ്യി ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്ന സന്ദേശവും ഇതാണ്. എവറസ്റ്റ് കൊടുമുടിയിലെത്തുന്ന സഞ്ചാരികളും സാഹസികരും വലിച്ചെറിയുന്ന ടൺ കണക്കിന് പാഴ് വസ്തുക്കളാണ് മാരിയോണും സംഘവും വർഷാവർഷം നീക്കം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി 2016 ലാണ് മാരിയോൺ ക്ലീൻ എവറസ്റ്റ് പ്രോജക്ട് ആരംഭിക്കുന്നത്. 2019 വരെ എട്ടര ടൺ മാലിന്യമാണ് മാരിയോണും സംഘവും എവറസ്റ്റിൽ നിന്നും നീക്കം ചെയ്തത്. ഇനി മൊത്തം ഹിമാലയൻ മലനിരകളിലേക്കും പ്രവർത്തനം വ്യാപിപിക്കാനുള്ള തയ്യാറെടുപ്പിലാണ് 39കാരിയായ മാരിയോണും സംഘവും.
മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയിട്ടുമുണ്ട് മാരിയോൺ.
'എവറസ്റ്റ് കീഴടക്കുക എന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ വിജയം കൂടിയാണ്. 2013ൽ എവറസ്റ്റിന് മുകളിലെത്തിയപ്പോഴാണ് മാലിന്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പത്ത് ടണ്ണോളം മാലിന്യങ്ങൾ എവറസ്റ്റിന് മുകൾ ഭാഗത്ത് തന്നെ കണ്ടെന്നാണ് മാരിയോൺ പറയുന്നത്.
17 വർഷമായി മൗണ്ടൻ ഗൈഡായി പ്രവർത്തിക്കുകയാണ് മാരിയോൺ. പ്രാദേശിക അധികൃതരും പ്രദേശവാസികളുമാണ് മാരിയോണിന്റെ സഹായികൾ. അവർ 50 യാക്കുകളെയാണ് മാലിന്യങ്ങൾ നീക്കാനായി മാരിയോണിന് വിട്ടുനൽകിയത്.
ഹിമാലയ മലനിരകളിലെ ജലമാണ് അവിടുത്തെ പ്രദേശവാസികളുടെ പ്രധാന ആശ്രയം. സഞ്ചാരികൾ മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതും തടയാനും മാരിയോണും സംഘവും ലക്ഷ്യമിടുന്നുണ്ട്.