
കണ്ണൂർ: തോട്ടട അഴിമുഖത്ത് കളിക്കുന്നതിനിടെ കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആദികടലായി ഫാത്തിമാസിൽ ഷറഫുദ്ദീന്റെ മകൻ മുഹമ്മദ് ഷറഫ് ഫാസിൽ (16), ബൈത്തുൽ ഹംദിൽ ബഷീറിന്റെ മകൻ മുഹമ്മദ് റിനാദ് (14) എന്നിവരുടെ മൃതദേഹങ്ങളാണ് തോട്ടട ബീച്ച് ഭാഗത്ത് നിന്ന് ഇന്നലെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. ആറ് കുട്ടികളാണ് അഴിമുഖത്തെ മുറിച്ച ബണ്ടിനടുത്ത് കളിച്ചുകൊണ്ടിരുന്നത്. ശക്തമായ ഒഴുക്കുണ്ടായിരുന്നു. കളിക്കുന്നതിനിടെ അഴിമുഖത്ത് വീണ രണ്ടുപേരും കടലിലേക്ക് ഒഴുകിപ്പോയി. മറ്റ് കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരും തീരദേശ പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തി. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. മുഹമ്മദ് ഷറഫ് ഫാസിലും മുഹമ്മദ് റിനാദും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.