jk-ddc-election

ശ്രീനഗർ: ജമ്മുകാശ്മീരിലെ ജില്ലാ വികസന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുള്ള നേതൃത്വം നൽകുന്ന പീപ്പിൾ അലൈൻസ് ഫോർ ഗുപ്കാർ സഖ്യത്തിന് മുന്നേറ്റം. ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം ഗുപ്കാർ സഖ്യം 30 സീറ്റിൽ വിജയിച്ചു. 81 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബി.ജെ.പി 8 സീറ്റുകളിൽ വിജയിച്ചു. 56 സീറ്റിൽ മുന്നേറുന്നു. നാലു സീറ്റ് നേടിയ കോൺഗ്രസ് 19 സീറ്റിൽ മാത്രമാണ് മുന്നേറുന്നത്.

ജമ്മു കാശ്‌മീരിലെ മുൻ ഭരണകക്ഷികളായ നാഷണൽ കോൺഫറൻസ്, പി.ഡി.പി എന്നിവരും സി.പി.എമ്മും മറ്റ് പ്രാദേശിക പാർട്ടികളും ചേർന്നാണ് ഗുപ്കാർ സഖ്യം രൂപീകരിച്ചത്. ഇവരോട് ആദ്യം ഐക്യം പ്രഖ്യാപിച്ച കോൺഗ്രസ് പിന്നീട് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.

ഒരു ജില്ലയിൽ 14 സീറ്റ് വീതം ഇരുപതു ജില്ലകളിലായി 280 ഡി.ഡി.സി സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 2,178 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. നവംബർ 28മുതൽ ഡിസംബർ 19 വരെ എട്ട് ഘട്ടങ്ങളിലായി പേപ്പർബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം നടക്കുന്ന ആദ്യതിരഞ്ഞെടുപ്പാണിത്. മാത്രമല്ല, ജമ്മു കാശ്മീരിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്.