
അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ 1400ലധികം മകുടങ്ങളിൽ സ്വർണം പൂശി അലങ്കരിക്കാൻ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. 2021 അവസാനത്തോടെ ജോലി പൂർത്തിയാക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
'സോമനാഥ് ക്ഷേത്രത്തിലെ 1400ലേറെ മകുടങ്ങൾ സ്വർണം പൂശാൻ പോവുകയാണ്. ഇതുവരെ ഏകദേശം 500 പേർ ഇതിനായി സംഭാവന നൽകിയിട്ടുണ്ട്.' - ക്ഷേത്ര ട്രസ്റ്റ് അംഗം പി.കെ. ലഹേരി പറഞ്ഞു.
സ്വർണം പൂശിയ മകുടങ്ങൾ രാത്രിയിലും ദൃശ്യമാകാനായി ക്ഷേത്രത്തിൽ ശരിയായ വെളിച്ച സംവിധാനം സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കും.
കൊവിഡ് വ്യാപനം ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും പതിവായി ലോകത്തെമ്പാടുനിന്നും 10,000ത്തോളം ഭക്തർ ക്ഷേത്രത്തിലെത്തുന്നുണ്ടെന്നും ലഹേരി വ്യക്തമാക്കി.