
മുംബയ്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഉൾപ്പെടെ 34 പേരെ മുംബയ് പൊലീസ് അറസ്‌റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി മുംബയ്‌യിലെ ഒരു ക്ലബിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുക്കുന്നതിനെടെയാണ് പൊലീസ് നടത്തിയ റെയ്‌ഡിൽ പൊലീസ് അറസ്‌റ്റിലാകുന്നത്. ബോളീവുഡ് താരം ഹൃത്വിക് റോഷന്റെ മുൻഭാര്യ സൂസൈൻ ഖാൻ, ഗായകൻ ഗുരു രൺധാവ എന്നിവരും അറസ്‌റ്റിൽ ആയവരിൽ ഉൾപ്പെടും. റെയ്‌നയുൾപ്പെടെയുള്ളവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
മുംബയ് വിമാനത്താവളത്തിന് സമീപമുള്ള ക്ലബിൽ സമയക്രമം പാലിക്കാതെയും കോവിഡ് ചട്ടങ്ങൾ ലംഘിച്ചുമാണ് പാർട്ടി നടത്തിയത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനാൽ, മുൻകരുതലെന്ന നിലയിൽ മുംബയ് മുൻസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിൽ മഹാരാഷ്ട്ര സർക്കാർ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇതൊന്നും കാര്യമാക്കാതെയായിരുന്നു പാർട്ടി.
കഴിഞ്ഞിടെയാണ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്ന റെയ്‌ന ഈ സീസണിൽ പങ്കെടുക്കാതെ പിന്മാറിയത് വിവാദമായിരുന്നു.
പുതിയ മാനണ്ഡങ്ങൾ
അറിയില്ലായിരുന്നു: റെയ്‌ന
അതേസമയം കൊവിഡുമായി ബന്ധപ്പെട്ട് മുംബയിലെ പ്രാദേശിക പ്രോട്ടോക്കോൾ അറിയില്ലായിരുന്നുവെന്നും അതിനാലാണ് ഇങ്ങനൊരു അബദ്ധം പറ്രിയതെന്നും റെയ്‌നയുടെ മാനേജ്മെന്റ് വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഒരു ഷൂട്ടിംഗിനായി മുംബയിലെത്തിയതാണ് റെയ്‌നയെന്നും ഷൂട്ടിംഗ് വൈകിപ്പോയതിനാൽ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഡിന്നർ കഴിക്കാൻ പാർട്ടിയിൽ പങ്കെടുത്തതെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഡൽഹിയിലേക്ക് മടങ്ങാനുള്ള ഫ്ലൈറ്രിന്റെ സമയം കൂടി കണക്കിലെടുത്താണ് പാർട്ടിയിൽ പങ്കെടുത്തത്. അതേ സമയം അദ്ദേഹത്തിന് കൊവിഡുമായി ബന്ധപ്പെട്ട സമയക്രമവും പ്രാദേശിക മാനദണ്ഡങ്ങളും അറിയില്ലായിരുന്നുവെന്നും മാനേജ്മെന്റിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.