
കൊച്ചി: സ്വത്തുക്കൾ സംബന്ധിച്ച ഒരു ഡസനോളം ചോദ്യങ്ങൾക്ക് രവീന്ദ്രന് ഉത്തരമില്ലാതിരിക്കെ വരുമാന സ്രോതസുകൾ കണ്ടെത്താനുള്ള ഇ.ഡി നടപടികൾ ഊർജിതമായി. ബിനാമി പേരിൽ രവീന്ദ്രൻ സ്വരൂപിച്ച സമ്പാദ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തികസ്രോതസ് എവിടെ നിന്ന് വന്നുവെന്നത് തെളിവുകൾ സഹിതം കണ്ടെത്താനാണ് ഇ.ഡിയുടെ നീക്കം. ഔദ്യോഗിക പദവിദുരുപയോഗം ചെയ്ത് സമ്പാദിച്ചതാണ് ഇവയെന്ന് ബോദ്ധ്യപ്പെട്ടാൽ അവിഹിതമായി സ്വത്ത് സമ്പാദിച്ച കേസിൽ രവീന്ദ്രനെ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലും സ്വത്തുക്കളെ സംബന്ധിച്ച പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുകയും മൗനം പാലിക്കുകയും ചെയ്തതോടെ രവീന്ദ്രൻ എന്തോ ഒളിപ്പിക്കുന്നതായി എൻഫോഴ്സ് മെന്റ് ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. രവീന്ദ്രൻ മനസിൽ പൊതിഞ്ഞു വച്ചിരിക്കുന്ന രഹസ്യങ്ങളാണ് തെളിവുസഹിതം പുറത്തെടുക്കാൻ ഇ.ഡി ശ്രമിക്കുന്നത്.
ലോക്കറിലെ സ്വർണ്ണം ആരുടേത്?
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സ്വപ്ന സുരേഷിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. വിവാഹസമ്മാനമായി പിതാവ് നൽകിയ ആഭരണങ്ങളാണ് ഇവയെന്നാണ് സ്വപ്ന വെളിപ്പെടുത്തിയിരുന്നത്. ഇരുപത് വർഷം മുമ്പായിരുന്നു സ്വപ്നയുടെ വിവാഹം. അത്രയും വർഷം മുമ്പ് സ്വപ്നയ്ക്ക് ഇത്രത്തോളം സ്വർണം നൽകാനുള്ള സാമ്പത്തിക ശേഷി സ്വപ്നയുടെ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ആഭരണങ്ങളിൽ ഏറെയും പുതിയ നിർമ്മാണ രീതിയിലുള്ളതാണ്.മാത്രമല്ല സ്ത്രീധനമായി ലഭിച്ച സ്വർണം ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് കൂടി പങ്കാളിത്തമുള്ള ലോക്കറിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നതും ഇത് കള്ളത്തരമാണെന്നതിന് തെളിവായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ലോക്കറിലെ സ്വർണം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം സ്വപ്ന മറ്റാർക്കോ വേണ്ടി സൂക്ഷിച്ചതാണെന്നാണ് ഇ.ഡിയുടെ അനുമാനം. നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കിലോഗ്രാം സ്വർണം എൻ.ഐ.എ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഈ സ്വർണം കണ്ടുകെട്ടാനാണ് ഇ.ഡി ആലോചിക്കുന്നത്. സ്വർണം കണ്ടുകെട്ടാൻ ഒരുക്കം തുടങ്ങിയതോടെ സ്വർണം വിട്ടുകിട്ടണമെങ്കിൽ സമ്പാദ്യത്തിന്റെ ഉറവിടം പ്രതികൾ വെളിപ്പെടുത്തണം. രവീന്ദ്രനും ശിവശങ്കറും ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് കണ്ടുകെട്ടലുൾപ്പെടെയുള്ള നടപടികളിലേക്ക് ഇ.ഡി നീങ്ങുന്നത്.