
ന്യൂഡൽഹി : പച്ചക്കറികൾക്ക് ന്യായമായ വില ലഭിക്കാത്തതിനെ തുടർന്ന് കൂട്ടത്തോടെ വിളകൾ നശിപ്പിക്കാൻ നിർബന്ധിതനായി കർഷകൻ. പഞ്ചാബിലെ അമൃത്സറിലെ അതിർത്തി ഗ്രാമമായ സരായിയിലുള്ള അജിത് സിംഗ് എന്ന കർഷകനാണ് മൊത്തവ്യാപാര മാർക്കറ്റിൽ കിലോയ്ക്ക് വെറും 0.75 പൈസ മാത്രം കോളിഫ്ലവറിന് ലഭിച്ചതിനെ തുടർന്ന് വിളകൾ ഒന്നടങ്കം നശിപ്പിച്ചത്.
ഏകദേശം 30,000 മുതൽ 40,000 രൂപ ചെലവിട്ടാണ് ഒരേക്കർ ഭൂമിയിൽ അജിത് സിംഗ് കൃഷിയിറക്കിയത്. ഒരു ലക്ഷത്തിലേറെ രൂപ ലാഭം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വിപണിയിൽ കിലോയ്ക്ക് ഒരു രൂപയിൽ താഴെ മാത്രം ലഭിക്കുന്ന സാഹചര്യം വന്നതോടെയാണ് കൃഷിയിടം മുഴുവൻ ഉഴുതുമറിക്കാൻ തീരുമാനിച്ചത്.
കർഷക പ്രക്ഷോഭം നടക്കുന്നതിനാൽ പച്ചക്കറി ട്രക്കുകൾ ഡൽഹി ഉൾപ്പെടെയുള്ള കമ്പോളങ്ങളിലേക്ക് പോകാത്ത അവസ്ഥയായതിനാൽ പഞ്ചാബിൽ അമൃത്സറിൽ ഉൾപ്പെടെ പച്ചക്കറികളുടെ വില കുത്തനെ താഴ്ന്നു. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതാണ് വിളവെടുപ്പിന് പാകമായി നിന്ന കോളിഫ്ലവറുകൾ നശിപ്പിച്ചത്. നിരവധി കർഷകരാണ് ഇത്തരത്തിൽ വിളകൾ ഇല്ലാതാക്കിയത്.
ലോക്ക്ഡൗണിന് പിന്നാലെ ന്യായമായ വില ലഭിക്കാതെ കർഷകർ ദുരിതത്തിലാണ്. തൊഴിലാളികളോ മാർക്കുകളിലേക്കെത്തിക്കാൻ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാൽ ഏപ്രിൽ - മേയ് മാസങ്ങളിൽ നിരവധി കർഷകർക്കാണ് തങ്ങളുടെ വിളകൾ നശിക്കുന്നത് കാണേണ്ടി വന്നത്. കർണാടകയിലെ ഒരു കർഷകൻ 15 ടൺ തക്കാളിയാണ് മറ്റു മാർഗങ്ങളില്ലാതെ നശിപ്പിച്ചത്. ബെൽഗാവിയിൽ മറ്റൊരു കർഷകൻ വിളവെടുപ്പിന് പാകമായി നിന്ന ഒരേക്കർ കാബേജ് വിളകൾ ഒടുവിൽ കന്നുകാലികൾക്ക് ആഹാരമായി നൽകുകയായിരുന്നു.