who

ലണ്ടൻ: ബ്രിട്ടനിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്നും നിലവിൽ കൈകൊണ്ട നടപടിക്രമങ്ങൾ ഉപയോഗിച്ച്​ പിടിച്ചുകെട്ടാനാകുമെന്നും ലോകാരോഗ്യ സംഘടന.

നിരവധി അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസുകളെ മഹാമാരിയുടെ വിവിധ ഘട്ടങ്ങളിൽ ക​ണ്ടെത്തുകയും പ്രതിരോധിക്കുകയും ചെയ്​തതായി ഡബ്ല്യിയു.എച്ച്​.ഒ ഉന്നത ഉദ്യോഗസ്ഥൻ മൈക്കൽ റയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'നിലവിലെ അവസ്ഥയും നിയന്ത്രണാതീതമല്ല. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ശക്​തമായ മുൻകരുതലോടെ നടപടി എടുക്കേണ്ടതുണ്ട്​. നിലവിൽ ചെയ്യുന്ന കാര്യങ്ങൾ ​തന്നെയാണ്​ വേണ്ടത്​. അത്​ കുറച്ചുകൂടി തീവ്രതയോടെ ഇനി ചെയ്യേണ്ടിവരും.

വൈറസിനെ നിയന്ത്രണത്തിലാക്കാൻ‌ കഴിയുമെന്ന് ഉറപ്പുണ്ടെന്നും റയാൻ പറഞ്ഞു.നേരത്തെ ബ്രിട്ടീഷ്​ ഹെൽത്ത്​ സെക്രട്ടറി മാറ്റ്​ ഹാൻകോക്ക് പുതിയ വൈറസ്​ നിയന്ത്രണാതീതമാണെന്ന്​ പറഞ്ഞിരുന്നു. ഇപ്പോഴുള്ളതിനേക്കാൾ 70 ശതമാനം അധികമാണ്​ പുതിയ വൈറസ്​ വകഭേദത്തിന്റെ ശേഷി. ബ്രിട്ടനിലെ സ്ഥിതി നിയന്ത്രണാതീതമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ബ്രിട്ടനിൽ പുതിയ കൊവിഡ്​ വകഭേദം കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്​. കൂടാതെ ബ്രിട്ടനിൽ 4 ടയർ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു.

 പുതിയ കൊവിഡിനെ തുരത്തുമെന്ന് ബയോൺടെക്ക്

ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ജനിതകമാറ്റം വന്ന കൊറോണ വൈറസിനേയും ഫൈസർ വാക്സിൻ ഉന്മൂലനം ചെയ്യുമെന്ന് വിശ്വാസമുണ്ടെന്ന് ബയോൺടെക്ക് സി.ഇ.ഒ ഉഗുർ സാഹിൻ. എനിയ്ക്ക് ഇപ്പോൾ പൂർണ ആത്മവിശ്വാസമാണുള്ളത്. എന്നാൽ, വിശദമായ പഠനം നടത്താതെ തനിക്ക് അതിൽ ഉറപ്പ് പറയുവാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, റഷ്യയുടെ സ്പുട്നിക് വാക്സിൻ പുതിയ കൊവിഡ് വകഭേദത്തിന് ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 കൊവിഡ് മീറ്റർ

 ലോകത്ത് ആകെ രോഗികൾ - 77,850,785

 മരണം - 1,711,815

 രോഗവിമുക്തർ - 54,723,861