crime-file

" അഭയ കേസിൽ നിന്ന് പ്രമേയം ഉൾക്കൊണ്ട ചിത്രമായിരുന്നു എ.കെ.സാജന്റെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്ത ക്രൈം ഫയൽ. അഭയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയപ്പോൾ ക്രൈം ഫയൽ തയ്യാറാക്കാൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സാജൻ സംസാരിക്കുന്നു"

ഇരുപത്തിയെട്ടു വർഷം പിന്നിട്ട അഭയ കേസിൽ ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് തെളിഞ്ഞു. ശിക്ഷ ഇന്ന് വിധിക്കും. 1999 ൽ എ .കെ സാജന്റെ തിരക്കഥയിൽ കെ .മധു സംവിധാനം ചെയ്ത ക്രൈം ഫയ അഭയ കൊലക്കേസ് ആസ്പദമാക്കി ഒരുക്കിയതായിരുന്നു. അഭയയ്ക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് തിരക്കഥ കൃത്ത് എ .കെ സാജൻ പറയുന്നു. സുരേഷ്ഗോപിയായിരുന്നു സിനിമയിലെ നായകൻ.അഭയയുടെ പ്രതിരൂപമായ അമലയായി വന്നത് സംഗീതയും. ക്രൈം ഫയലിന്റെ ചിത്രീകരണം തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് എ .കെ .സാജൻ സംസാരിക്കുന്നു...

ക്രൈം ഫയൽ

" 1992 മാർച്ച് 27 പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ അഭയയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. രാജൻ കൊലക്കേസിന് ശേഷം കേരളത്തെ പിടിച്ചു കുലുക്കിയ കേസ്. പത്ര മാദ്ധ്യമങ്ങളിൽ അഭയ കേസുമായി സംബന്ധിച്ച് വരുന്ന വാർത്തകളുടെ
കട്ടിംഗുകൾ എടുത്തു വച്ചു. കോട്ടയത്ത് അഭയയെ ചുറ്റിപ്പറ്റി മാദ്ധ്യമ സുഹൃത്തുക്കളോട് അന്വേഷിച്ചു. അന്വേഷണം നടക്കുന്ന ഒരു കേസ് സിനിമയാക്കാൻ പാടില്ല എന്ന കാര്യം ഞങ്ങൾക്കാർക്കും അന്ന് അറിയില്ലായിരുന്നു. നമ്മുടെ കണ്മുന്നിൽ ഒരു ദുരൂഹ മരണം സംഭവിക്കുന്നു. അതിനെക്കുറിച്ച പലരീതിയിലുള്ള വാർത്തകൾ ഉയർന്നു വരുന്നു. അത് കൊലപാതകമാണോ ? വാർത്തകളിൽ കാണുന്നത് സത്യമാണോ ?എന്തിന് കൊന്നു ? സാധാരണ ജനങ്ങളുടെ മുന്നിൽ ഉയർന്നു വരുന്ന അതേ ചോദ്യവും ആകാംക്ഷയുമാണ് ക്രൈം ഫയലിന്റെ കഥ എഴുതാൻ പ്രചോദനമായത്." -സാജൻ പറഞ്ഞു.

" തിരക്കഥ എഴുതി തീർക്കാൻ ഒരു വർഷത്തോളം എടുത്തു. തുടക്കം മുതലേ ആശങ്കകൾ നിറഞ്ഞതായിരുന്നു. പക്ഷേ ഇത്രയും പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്ന് ചിന്തിച്ചിട്ടില്ലായിരുന്നു.കേസ് തെളിയിക്കപ്പെടാത്തതിനാൽ എങ്ങോട്ടാണ് ഈ കഥ എത്തിക്കുക എന്നൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നെ അലട്ടിയിരുന്നത് പത്രങ്ങളിൽ നിന്ന് അറിഞ്ഞതെല്ലാം സത്യമാകുമോ എന്നതായിരുന്നു. ആ കാര്യം ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. കഥ എഴുതി തുടങ്ങിയപ്പോൾ ആരെ പ്രതിയാക്കുമെന്ന ചോദ്യവും ഉയർന്നു . കേട്ടറിവുകൊണ്ട് കാളിയാർ അച്ഛൻ എന്ന കഥാപാത്രം ജനിച്ചു .അന്ന് ഞാൻ കോട്ടയത്തുള്ള പത്ര സുഹൃത്തുക്കളോടെല്ലാം സംസാരിച്ചപ്പോൾ അവർ വഴി ഞാൻ അറിഞ്ഞത് രാഷ്ട്രീയ സ്വാധീനം കൊണ്ട് ഒതുക്കി തീർക്കപ്പെട്ടതാണ് അഭയ കേസ് എന്നാണ്. അഭയ എന്ന പേരിൽ ഞങ്ങൾ മാറ്റം വരുത്തി അമല എന്നാക്കി.

പ്രതിസന്ധികൾ

ചിത്രീകരണം തുടങ്ങിയത് മുതൽ ഓരോ പ്രശ്നങ്ങളായിരുന്നു . ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് തന്നെ ക്രൈം ഫയൽ അഭയ കേസാണ് എന്ന് പ്രചരിച്ചിരുന്നു. ചിത്രീകരണത്തിന് വേണ്ടി പള്ളികളും കോൺവെന്റുകളും കിട്ടാൻ ബുദ്ധിമുട്ടി. രാവിലെ അനുമതി കിട്ടിയ പള്ളികൾ ഉച്ചയാവുമ്പോഴേക്കും അത് പിൻവലിക്കും. അങ്ങനെ നിരന്തരമായി ചിത്രീകരണം മുടങ്ങുന്ന അവസ്ഥകൾ ഉണ്ടായി. പള്ളികൾ സെറ്റ് ഇടുക എന്നത് അന്ന് അപ്രായോഗികമായിരുന്നു. അതുപോലെ സുഹൃത്തുക്കൾ വഴി സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു.അപ്പോഴും ഇത് ചെയ്യുമെന്ന വാശിയിലായിരുന്നു ഞാൻ. പിന്നീട് സാമ്പത്തിക പ്രതിസന്ധി നേരിട്ടു. തന്ന ഫണ്ടുകൾ പലരും തിരിച്ചു ചോദിച്ചു. ഷൂട്ടിംഗ് അനുമതികൾ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ വേറെയും." -സാജൻ വിശദീകരിച്ചു.


പേടിപ്പെടുത്തുന്ന ചില കൗതുകങ്ങൾ

ക്രൈം ഫയലിന്റെ ആദ്യത്തെ ദിവസം ചിത്രീകരണം പൂർത്തിയായ രാത്രി എന്റെ അമ്മ മരിച്ചു. എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മ. അതെന്നെ സാരമായി ബാധിച്ചു. പിന്നീട് എനിക്ക് എഴുതാൻ സാധിക്കുന്നില്ലായിരുന്നു. എനിക്ക് വേണ്ടി സംവിധായകൻ സമയം തന്നു. ഞാൻ മാനസികമായി ഓക്കേ ആയതിന് ശേഷം വീണ്ടും ചിത്രീകരണം തുടങ്ങുകയായിരുന്നു.മാനസിക സമ്മർദ്ദം കൂടിവന്നു. ചിത്രീകരണ അനുമതികൾ ലഭിക്കുന്നില്ല. സിസ്റ്റർ അഭയയുടെ ഭാഗത്താണോ നിൽക്കേണ്ടത് അതോ വൈദികന്റെ ഭാഗത്താണോ നിൽക്കേണ്ടത് എന്ന് തുടങ്ങുന്ന ഒരായിരം ചോദ്യങ്ങൾ മനസ്സിൽ കുമിഞ്ഞുകൂടി.

അതുപോലെ ചിത്രത്തിന്റെ സിനിമോറ്റോഗ്രാഫർ സാലൂ ജോർജ് റോമൻ കത്തോലിക്കാ വിശ്വാസിയാണ്. അദ്ദേഹം ക്രെയിനിൽ ഇരുന്നു ചിത്രീകരിക്കുമ്പോൾ അസ്വസ്ഥനായി കാണപ്പെടുമായിരുന്നു ദിവസങ്ങളോളം. വിയർത്തു കുളിച്ചു അദ്ദേഹം എന്നോട് പറയുമായിരുന്നു. ഓരോ ഫ്രെമിലും അഭയ തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്നതാണ് കാണാൻ കഴിയുന്നതെന്ന്. അദ്ദേഹം മാനസികമായി തളർന്നു. ഇത് കേൾക്കുമ്പോൾ പലരും ചിരിച്ചു.പക്ഷേ സാലൂ പറഞ്ഞു ഈ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിയില്ലായെന്ന്. അത് കേട്ടപ്പോൾ എനിക്കും ചെറിയ പേടി തോന്നി. 'അമ്മ മരിച്ചു ഇപ്പോൾ സാലൂ ഇങ്ങനെ പറയുന്നു. മാനസികമായി വീണ്ടും തകർന്നു. കെ .മധു (സംവിധായകൻ )എന്നും അമ്പലത്തിൽ പോയി വരുന്നു. പക്ഷേ തടസങ്ങൾക്ക് ഒരു കുറവുമില്ല.

ചില ഭാഗങ്ങൾ ചിത്രീകരിക്കാനെ കഴിയാത്ത അവസ്ഥയായിരുന്നു. വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു ടാങ്കിൽ തല മുക്കിയാണ് അമലയെ സിനിമയിൽ കൊല്ലുന്നതായി കാണിക്കുന്നത്. അതിനായി കലാ സംവിധായകൻ ഇഷ്ടിക വച്ച് ടാങ്ക് ഉണ്ടാക്കി. ആ സീൻ ചാർട്ട് ചെയ്തു അത് ചെയ്യാൻ തയ്യാറായി അതിൽ വെള്ളമെല്ലാം നിറച്ച് ചിത്രീകരണം തുടങ്ങാറായപ്പോൾ അത് പൊട്ടി. അത് മൂന്നാലു തവണ ആവർത്തിച്ചു. അപ്പോൾ എന്നോട് മധു ചേട്ടൻ പറഞ്ഞു ഇങ്ങനെയായിരിക്കില്ല അഭയയെ കൊന്നിട്ടുണ്ടാവുക. ചിലപ്പോൾ സത്യം കാണിച്ചു തരാനായിരിക്കുമെന്ന് . ഇത് കേട്ടതും എനിക്ക് ടെൻഷനായി . ഇനി എന്ത് ചെയ്യുമെന്ന് ചിന്തിച്ചുപോയി. ഞാൻ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മനസ്സിൽ അഭയയോട് സംസാരിച്ചു തുടങ്ങി. അങ്ങനെ അഞ്ചാം തവണ എടുത്തപ്പോൾ ആ സീൻ ശരിയായി.ആറു ഏഴു മാസത്തിന്റെയുള്ളിൽ പത്തോ അതിൽ കൂടുതൽ ഷെഡ്യുളുകയാണ് ചിത്രം പൂർത്തീകരിച്ചത്. ഏത് നിമിഷവും ഉപേക്ഷിക്കപ്പെടുമെന്ന രീതിയിലാണ് സിനിമയുടെ ഓരോ ഷെഡ്യൂളും അവസാനിക്കുന്നത്.

ക്ലൈമാക്‌സ് മാറ്റി എഴുതി

വൈദികനെ പ്രതിയാക്കാനായിരുന്നു ആദ്യം തീരുമാനം എടുത്തത്. പിന്നീട് അത് കേസ് നടക്കുന്നതിനാലും നമ്മുടെ ഒരു കോമേർഷ്യൽ സിനിമയായതുകൊണ്ടും ആ തീരുമാനത്തിൽ നിന്ന് മാറ്റം വരുത്തി അതൊരു രാഷ്ട്രീയ ക്കാരനിലേക്ക് എത്തിക്കുകയായിരുന്നു. സെൻസറിന് പോയപ്പോൾ വയലൻസ് കൂടുതലെന്ന് പറഞ്ഞ് ഒരുപാട് ഭാഗങ്ങൾ കട്ട് ചെയ്തു.

രഹസ്യമായി അനുപമയിൽ റിലീസ് ചെയ്തു

സെൻസറിംഗ് കഴിഞ്ഞ് മിക്സിംഗ് ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു സിനിമ സ്റ്റേ ചെയ്യിപ്പിക്കാനുള്ള നീക്കങ്ങൾ ഉണ്ടെന്ന് അറിയുന്നത്. ആ വെള്ളിയാഴ്ചയായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച സിനിമ സ്റ്റേ ചെയ്യുമെന്ന് പറഞ്ഞു. അപ്പോഴേക്കും നിർമ്മാതാക്കളിൽ ചിലർ മാറുകയും പുതിയ ചിലർ വരികയും ചെയ്തു. സ്റ്റേ ചെയ്താൽ സിനിമ റിലീസ് ചെയ്യാൻ സാധിക്കില്ല. പെട്ടന്നൊരു ബുദ്ധി തോന്നി. ബുധനാഴ്ച സിനിമ റിലീസ് ചെയ്യാമെന്ന്. സെൻസറിംഗ് പൂർത്തിയായാൽ എപ്പോൾ വേണമെങ്കിലും റിലീസ് ചെയ്യാം. കേരളത്തിൽ എവിടെയെങ്കിലും റിലീസ് ചെയ്താൽ പിന്നീട് സിനിമ സ്റ്റേ ചെയ്യാൻ സാധിക്കില്ല. അങ്ങനെ ചിത്രത്തിന്റെ മോണോ പ്രിന്റ് കോട്ടയത്ത് അനുപമ തിയേറ്ററിൽ പ്രിന്റ് ചെയ്യിപ്പിക്കുന്നു. ഞാനായിരുന്നു അനുപമ തിയേറ്ററിലേക്ക് പ്രിന്റുമായി പോയത്. ഫസ്റ്റ് ഷോ കഴിഞ്ഞതിന് ശേഷം കോട്ടയത്തുള്ള സിനിമ പോസ്റ്ററുകളുടെ മുകളിൽ ഒരു ചെറിയ സ്ലിപ്പ് ഒട്ടിച്ചു. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. 'ഇന്ന് രാത്രി സെക്കന്റ് ഷോ മുതൽ ക്രൈം ഫയലെന്ന്' .

കോടതിയിൽ പറയാൻ വേണ്ടി മാത്രമുള്ള റിലീസായിരുന്നു അത്. ആരും വരില്ലെന്ന് ഉറപ്പായിരുന്നു.ഞാനും സുഹൃത്ത് സാമുവലും കൂടി തിയേറ്ററിൽ പോവുമ്പോൾ അവിടെ കണ്ട കാഴ്ച കണ്ടു ഞെട്ടി. ഒരു സുചി കയറ്റാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. കാണാൻ വന്നവരെല്ലാം സെമിനാരിയിലെ പിള്ളേരും പള്ളിലാച്ഛന്മാരും. പടം തുടങ്ങുമ്പോൾ ചങ്കിടിപ്പായിരുന്നു. എന്നാൽ തുടക്കം മുതൽ നല്ല കയ്യടി. ഇന്റെർവെല്ലിന് കാളിയാർ അച്ഛനെ അറസ്റ്റ് ചെയ്യുന്ന രംഗത്തെല്ലാം പൊരിഞ്ഞ കയ്യടി. സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ എല്ലാവരുടെ മുഖത്തും ആശങ്ക. അതിന്റെ ഉത്തരമാണ് കഴിഞ്ഞ ദിവസം തെളിഞ്ഞത് .അന്ന് അങ്ങനെ ഒരു ബുദ്ധി തോന്നിയതുകൊണ്ട് ഇന്ന് ക്രൈം ഫയൽ ഉണ്ടായി. അല്ലെങ്കിൽ അങ്ങനെയൊരു സിനിമ ഉണ്ടാവില്ലായിരുന്നു." 1999 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്ത്തത്. തുടർന്ന് എല്ലാ തിയറ്ററുകളിലും ചിത്രം റിലീസ് ആയി.ചിത്രം വൻ വിജയമായി. അഭയയുടെ മരണമായിരുന്നു ശരിക്കും ചിത്രത്തിന്റെ ഇതിവൃത്തം.പിടിച്ചുനിൽക്കാൻ ചില വിട്ടുവീഴ്ചകൾ വേണ്ടിവന്നെങ്കിലും ആ സിനിമയുടെ ആശയം പ്രേക്ഷകർ തിരിച്ചറിയുകതന്നെ ചെയ്തു.ഇപ്പോൾ സി.ബി.ഐ കോടതി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും സാജൻ പറഞ്ഞു.