
ന്യൂഡൽഹി: സി.ബി.എസ്.ഇ 2021 അദ്ധ്യയന വർഷത്തെ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാലാണ് ഈ വിവരം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്‌റ്റിക്കൽ പരീക്ഷകളും ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. നിലവിലെ വൈറസ് രോഗ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ സാദ്ധ്യമല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മാർച്ച് മാസത്തിൽ പരീക്ഷകൾ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂവെന്നും രമേശ് പോഖ്രിയാൽ അറിയിച്ചു.
രാജ്യത്ത് സാഹചര്യം അനുകൂലമല്ലാത്തതിനാൽ പരീക്ഷ നടത്തുന്നതിനെ കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടായിരുന്ന ആശങ്കകൾക്ക് ഇതോടെ വിരാമമായി. എന്നാൽ പരീക്ഷാ തീയതി എന്നാണെന്ന് നിരവധി അദ്ധ്യാപകരും കേന്ദ്രമന്ത്രിയോട് ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു. ചിലർ അൽപം കൂടി സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ടപ്പോൾ മറ്റുചിലർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം എന്നാണ് ആവശ്യപ്പെട്ടത്. ആവശ്യമെങ്കിൽ ഓൺലൈൻ പരീക്ഷകൾ നടത്തണമെന്നും അദ്ധ്യാപകർ കേന്ദ്രമന്ത്രിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. മേയ് മാസം വരെ പരീക്ഷകൾ നീട്ടി വയ്‌ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
പരീക്ഷാ തീയതികൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഉടൻ പ്രഖ്യാപിക്കുമെന്ന് പല പഠനസഹായി വെബ്‌സൈറ്റുകളും മുൻപ് അറിയിച്ചിരുന്നു. ഇത്തരം സംശയങ്ങൾക്കെല്ലാമാണ് മന്ത്രി ഇന്ന് മറുപടി നൽകിയിരിക്കുന്നത്.