chelsea

ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ വെസ്‌റ്റ് ഹാമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ചെൽസി വിജയവഴിയിൽ തിരിച്ചെത്തി. ലണ്ടൻ ഡെർബിയിലെ ജയത്തോടെ പോയിന്റ് ടേബിളിൽ ആദ്യ നാലിനടുത്തെത്താനും ചെൽസിക്കായി. 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോൾ ചെൽസി. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്‌റ്റർ യുണൈറ്റഡിനും നാലാം സ്ഥാനത്തുള്ള എവർട്ടണിനും 26 പോയിന്റ് വീതമാണുള്ളത്. ഇരട്ടഗോളുമായി തിളങ്ങിയ ടാമി അബ്രഹാമാണ് ചെൽസിയുടെ തകർപ്പൻ ജയത്തിൽ പ്രധാന പങ്കുവഹിച്ചത്. തിയാഗോ സിൽവയും ചെൽസിക്കായി ലക്ഷ്യം കണ്ടു.

തുടർച്ചയായ രണ്ട് തോൽവികകൾക്ക് ശേഷമാണ് വെസ്റ്ര് ഹാമിനെതിരായ ജയത്തോടെ ചെൽസി വിജയ വഴിയിലെത്തിയത്. മത്സരത്തിന്റെ ഏഴാം മിനിട്ടിൽ വെസ്‌റ്റ് ഹാമിന്റെ ഡെക്ലാൻ റൈസ് ചെൽസിയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.

പത്താം മിനിട്ടിൽ മൗണ്ടെടുത്ത് ഫ്രീകിക്ക് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലാക്കി തിയാഗോ സിൽവയാണ് ചെൽസിയുടെ ഗോൾ അക്കൗണ്ട് തുറക്കുന്നത്.

തുടർന്ന് മത്സരമവസാനിക്കാറാകവെ 78,​ 80 മിനിട്ടുകളിലാണ് ടാമിയുടെ ഗോളുകൾ പിറന്നത്.

മറ്റൊരു മത്സരത്തിൽ ബേൺലി 2-1ന് വൂൾവ്‌സിനെ കീഴടക്കി.

35-ാം മിനിട്ടിൽ ആഷ്‌ലി ബാർനസും 51-ാം മിനിട്ടിൽ ക്രിസ് വുഡ്ഡും ആണ് ബേൺലിക്കാണ് ലക്ഷ്യം കണ്ടത്. 89-ാം മിനിട്ടിൽ ഫാബിയോ സിൽവ പെനാൽറ്രിയിലൂടെയാണ് വൂൾവ്‌സിന്റെ മാനം കാത്തത്.