madhya-pradesh

ന്യൂഡൽഹി : അഞ്ച് ദിവസത്തിനിടെ രണ്ട് യുവതികളെ വിവാഹം ചെയ്ത മദ്ധ്യപ്രദേശ് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനിയർ ഒളിവിൽ. ഡിസംബർ 2നാണ് ആദ്യ വിവാഹം നടന്നത്. ഇന്റോർ സ്വദേശിയായ 26 കാരനായ യുവാവ് ഖൻഡ്‌വ സ്വദേശിനിയായ യുവതിയെ ആണ് വിവാഹം കഴിച്ചത്.

അഞ്ചാം ദിവസം ഡിസംബർ 7ന് ഇന്റോറിൽ തന്നെയുള്ള മറ്റൊരു യുവതിയേയും ഇയാൾ വിവാഹം കഴിച്ചു. ആദ്യ ഭാര്യയുടെ ഒരു ബന്ധു ആണ് യുവാവിന്റെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്.

യാദൃശ്ചികമായി യുവാവിന്റെ രണ്ടാം വിവാഹത്തിന്റെ സ്വീകരണ ചടങ്ങിലെത്തിയ ബന്ധു യുവാവിന്റെ ഫോട്ടോകൾ പകർത്തി ആദ്യ ഭാര്യയ്ക്കും കുടുംബത്തിനും അയച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് ആദ്യ ഭാര്യയും ബന്ധുക്കളും പൊലീസിൽ പരാതി നൽകുകയായിരുന്നു.

വിവാഹത്തിനായി 10 ലക്ഷം രൂപ ചെലവഴിച്ചെന്ന് പരാതിയിൽ പറയുന്നു. ആദ്യ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഒഴിച്ചു കൂടാനാകാത്ത ജോലിയുടെ ഭാഗമായി ഭോപ്പാലിൽ ഉടൻ പോകണമെന്ന് പറഞ്ഞാണ് യുവാവ് മുങ്ങിയത്. തുടർന്നാണ് രണ്ടാമതും വിവാഹിതനായത്.

ആദ്യ വിവാഹത്തിന് യുവാവിന്റെ അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാം പങ്കെടുത്തിരുന്നു. രണ്ടാമത് വിവാഹം കഴിച്ച യുവതിയും ഇതേ നിലപാടിലാണ്. തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് യുവാവ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.