kalari

ന്യൂഡല്‍ഹി: ഖേലോ ഇന്ത്യയില്‍ ഇനി മുതല്‍ ഇന്ത്യയുടെ എല്ലാ പരമ്പരാഗത ആയോധന കലകളും യോഗയും മത്സര ഇനമെന്ന് കേന്ദ്രകായിക മന്ത്രാലയം. ഇന്ത്യയുടെ ഗ്രാമീണ തലം മുതലുള്ള കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച ഖേലോ ഇന്ത്യയില്‍ ഇനി പരമ്പരാഗത ആയോധന കലകളും ഇടം പിടിക്കുകയാണ്.

പ്രധാനമന്ത്രിയുടെ പ്രത്യേക താത്പ്പര്യപ്രകാരമാണ് ആയോധനകലകളും യോഗയും ഖേലോ ഇന്ത്യയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജുവാണ് തീരുമാനം അറിയിച്ചത്.

കേരളത്തില്‍ നിന്നുള്ള കളരിപ്പയറ്റ്, മഹാരാഷ്ട്രയുടെ മാല്‍ഖംഭ്, പഞ്ചാബിന്റെ ഗഡ്ഗാ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ താംഗ്-താ എന്നീ ഇനങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.

നിലവില്‍ അന്താരാഷ്ട്ര കായിക രംഗത്തെ ഇനങ്ങളുടെ മത്സരങ്ങളാണ് യുവാക്കള്‍ക്കായി കായിക മന്ത്രാലയം നടത്തുന്നത്. സംസ്ഥാന തലത്തുനിന്നും തിരഞ്ഞെടുക്കപ്പെടുന്നവരാണ് ദേശീയ തലത്തില്‍ മത്സരിക്കുന്നത്.