
മോസ്‌കോ: തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് റഷ്യൻ ഏജന്റ് കുറ്റസമ്മതം നടത്തിയെന്ന് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി. ഇത് സംബന്ധിച്ച് ബ്ലോഗിൽ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു നവൽനി. തന്റെ അടിവസ്ത്രത്തിൽ വിഷം ഒളിപ്പിച്ചിരുന്നെന്നും ഇതാണ് തന്നെ മരണാവസ്ഥയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറൽ സെക്യൂരിറ്റി സർവീസിലെ കോൺസ്റ്റാറ്റിൻ കുർദിയാസ്‌റ്റേവ് എന്ന കെമിക്കൽ ആയുധ വിദഗ്ദ്ധനുമായാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.ഞാൻ എന്റെ കൊലപാതകിയെ വിളിച്ചു. അയാൾ എല്ലാം വെളിപ്പെടുത്തി - നവൽനി ട്വീറ്റ് ചെയ്തു. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും സംഭാഷണം നടത്തുന്നതിന്റെ വീഡിയോയും നവൽനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
'വിമാനത്തിൽ വച്ച് നവൽനി ബോധരഹിതനായതോടെ പൈലറ്റ് അടിയന്തര ലാൻഡിംഗ് നടത്തുമെന്ന് താനുൾപ്പെടെയുള്ളവർ പ്രതീക്ഷിച്ചിരുന്നില്ല. വിമാനം ലാൻഡ് ചെയ്തില്ലായിരുന്നെങ്കിൽ നവാൽനി രക്ഷപ്പെടില്ലായിരുന്നു. സംഭാഷണത്തിനിടെ കുർദിയാസ്‌റ്റേവ് പറയുന്നു.
സൈബീരിയൻ പട്ടണമായ ടോംസ്‌കിൽ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വച്ചാണ് പുടിന്റെ കടുത്ത വിമർശകനായ നവൽനി കുഴഞ്ഞുവീണത്. മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം അബോധാവസ്ഥയിലായി. അതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോമയിലായ അലക്‌സിയെ വിദഗ്ദ്ധ ചികിത്സക്കായി ജർമ്മനിയിലേക്ക് മാറ്റിയിരുന്നു.