
കൊച്ചി: ആഭരണപ്രിയരെ ആശങ്കപ്പെടുത്തി സ്വർണവിലയിൽ ദിനംപ്രതി കനത്ത ചാഞ്ചാട്ടം. വില കൂടിയും കുറഞ്ഞും സ്ഥിരതയില്ലാതെ തുടരുന്നതാണ് ഉപഭോക്താക്കളെ വെട്ടിലാക്കുന്നത്. ഈമാസം ഒന്നിന് സംസ്ഥാനത്ത് പവൻ വില 35,920 രൂപയായിരുന്നു; ഇന്നലെ 37,600 രൂപ; ഗ്രാം വില 4,490 രൂപയായിരുന്നത് 4,700 രൂപയിലുമെത്തി.
കഴിഞ്ഞ തിങ്കളാഴ്‌ച വില പവന് 37,680 രൂപയിൽ എത്തിയിരുന്നു; 4,710 രൂപയായിരുന്നു അന്ന് പവന്. വിലയുടെ ട്രെൻഡ് സ്വർണാഭരണ രംഗത്തുള്ളവർക്ക് പോലും പ്രവചിക്കാനാവാത്ത വിധം ചാഞ്ചാടുന്നതിനാൽ മുൻകൂർ ബുക്കിംഗിന് ഇപ്പോൾ വൻ പ്രിയമുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഭീമ ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ 'കേരളകൗമുദി"യോട് പറഞ്ഞു.
വാങ്ങാനുദ്ദേശിക്കുന്ന സ്വർണവിലയുടെ കുറഞ്ഞത് 10 ശതമാനം മുൻകൂർ നൽകി, കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാനുള്ള സൗകര്യമാണ് ഒട്ടുമിക്ക സ്വർണാഭരണ വിതരണക്കാരും ഉപഭോക്താക്കൾക്ക് നൽകുന്നത്. വിവാഹ പർച്ചേസുകാരാണ് ഈ സൗകര്യം ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്. നിലവിൽ വിവാഹ പർച്ചേസിന്റെ 30-40 ശതമാനവും മുൻകൂർ ബുക്കിംഗിലൂടെയാണ്.
ബുക്ക് ചെയ്‌ത ദിവസത്തെയും ആഭരണം വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്‌ത്, ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണം സ്വന്തമാക്കാമെന്നതാണ് മുൻകൂർ ബുക്കിംഗിന്റെ നേട്ടം. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന് പുറമേ വിവാഹ സീസൺ കൂടിയായത് മുൻകൂർ ബുക്കിംഗിന് സ്വീകാര്യത കൂട്ടി.
ബുക്ക് ചെയ്‌ത് രണ്ടുമാസം മുതൽ ഒരുവർഷം വരെ സമയം വിതരണക്കാർ സ്വർണം വാങ്ങാൻ നൽകുന്നുണ്ട്. ഇത്, വൻവിലക്കുറവിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സഹായകമാണ്.
ആടിയുലയുന്ന വില
(ഈ വർഷത്തെ വിലയുടെ സഞ്ചാരം)
 ജനുവരി 1 : പവന് ₹29,000, ഗ്രാമിന് ₹3,625
 ആഗസ്‌റ്റ് 7 : പവന് ₹42,000, ഗ്രാമിന് : ₹5,250
 ഡിസംബർ 22 : പവന് ₹37,600, ഗ്രാമിന് ₹4,700
വില പ്രവചനങ്ങൾക്കപ്പുറം?
കൊവിഡിൽ ഓഹരി, കടപ്പത്രം ഉൾപ്പെടെയുള്ള മറ്റ് നിക്ഷേപ മാർഗങ്ങൾ തളർന്നതോടെയാണ് സ്വർണത്തിന് തലവര തെളിഞ്ഞത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പൊന്നിലേക്ക് വൻതോതിൽ പണമൊഴുകി. രാജ്യാന്തര വില ഔൺസിന് 1,200 ഡോളർ നിരക്കിൽ നിന്ന് 2,000 ഡോളറിനുമേലേക്ക് കുതിച്ചു. കേരളത്തിൽ 29,000 രൂപയായിരുന്ന പവൻ വില 42,000 രൂപയിലുമെത്തി.
കൊവിഡ് വാക്‌സിൻ സജ്ജമാകുന്ന വാർത്തകളാണ് പിന്നീട്, സ്വർണവിലയെ വീഴ്‌ത്തിയത്. 1,873 ഡോളറാണ് ഇപ്പോൾ രാജ്യാന്തര വില. എന്നാൽ, കൊവിഡ് ഭീതി വീണ്ടും ശക്തമാകുന്നതിനാൽ വില ഉയർന്നേക്കാം.
''വിലയുടെ ട്രെൻഡ് പ്രവചിക്കുക അസാദ്ധ്യമാണ്. കൊവിഡ് വാക്‌സിൻ സജ്ജമായെന്ന വാർത്തകൾ ശുഭകരമാണ്. എന്നാൽ, ബ്രിട്ടനിലും മറ്റും ഇപ്പോഴും സ്ഥിതി ആശങ്കാജനകമായതിനാൽ വരും ദിനങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം""
ഡോ.ബി. ഗോവിന്ദൻ,
ചെയർമാൻ, ഭീമ ഗ്രൂപ്പ്.
''ചാഞ്ചാട്ടം തുടരുക എന്ന സമീപനം തന്നെയാണ് സ്വർണത്തിനുള്ളത്. രാജ്യാന്തര വില നിലവിലെ 1,870 ഡോളറിൽ നിന്ന് 1,900 ഡോളർ വരെ എത്തിയശേഷം പിന്നീട് താഴെയിറങ്ങാനാണ് സാദ്ധ്യത. 2021 രണ്ടാംപകുതിയിൽ വില വീണ്ടും 2,000 ഡോളറിനുമേൽ എത്തുമെന്നും കരുതുന്നു""
അഡ്വ.എസ്. അബ്‌ദുൽ നാസർ,
ട്രഷറർ, എ.കെ.ജി.എസ്.എം.എ