
വിപണിയിലെത്തിയ നാൾ മുതൽ രണ്ട് പതിറ്റാണ്ടിലധികം ഇന്ത്യൻ വാഹന ഉപഭോക്താക്കളുടെ പ്രിയ വാഹനമായിരുന്നു ബജാജിന്റെ സ്‌കൂട്ടറായ ചേതക്. ഇലക്‌ട്രിക് വാഹനങ്ങൾ വിപണി കീഴടക്കുന്ന ഈ സമയത്ത് പുതിയ ഇ-സ്കൂട്ടറായി പുറത്തിറക്കിയ ബജാജ് ചേതക് മൂന്ന് മാസത്തിനിടെ നേടിയത് വൻ കുതിപ്പ്. ജനുവരി മാസത്തിൽ വിപണിയിലെത്തിയെങ്കിലും കൊവിഡ് പ്രതിസന്ധി ആദ്യ നാളുകളിൽ സ്‌കൂട്ടറിന് വില്ലനായി. എന്നാൽ ആ കാലം മാറി നല്ലകാലത്തിലേക്ക് കടക്കുകയാണ് ചേതക്. സെപ്‌തംബർ,ഒക്‌ടോബർ,നവംബർ മാസങ്ങളിൽ 810 യൂണിറ്റാണ് വിറ്റുപോയത്. ഇതേ സെഗ്‌മെന്റിലെ ടിവിഎസ് ഐ ക്യൂബ് വെറും 138 യൂണിറ്റ് മാത്രമേ വിൽപന നടന്നുളളൂ എന്ന് പറയുമ്പോൾ മനസിലാകും ചേതകിന്റെ കുതിപ്പ്.
ഡീലർഷിപ്പുകളുടെ എണ്ണത്തിലും ബജാജ് ക്രമാനുഗതമായ വർദ്ധന വരുത്തിയിട്ടുണ്ട്. എന്നാൽ വിപണിയിൽ ബജാജിന് പറ്റിയ എതിരാളിയും വരുന്നുണ്ട്. സുസുകിയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വൈകാതെ ഇന്ത്യയിലെത്തും. യൂറോപ്യൻ മാർക്കറ്റിലേക്കുളള ഇ-സ്‌കൂട്ടറിന്റെ ഡിസൈന് പേറ്റന്റ് നേടിക്കഴിഞ്ഞു ബജാജ്. 3 കിലോവാട്ട് ലിഥിയം-ഇയോൺ ബാറ്ററിയാണ് ചേതകിനുളളത്. ഒറ്റ ചാർജിന് 95 കിലോമീറ്റർ വരെ പോകാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.