
ബാങ്കോംക്ക്: 26 കൊല്ലത്തെ തന്റെ രക്ഷാപ്രവർത്തന ജീവിതത്തിനിടയിൽ തായ്ലൻഡ് സ്വദേശിയായ മാന ശ്രീവതെ ധാരാളം പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം രാത്രി മാന രക്ഷിച്ചത് ഒരു പാവം ആനക്കുട്ടിയുടെ ജീവനാണ്. സി.പി.ആർ നൽകിയാണ് മാന ആനക്കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ചന്ദാബുരിയിലായിരുന്നു സംഭവം നടന്നത്. ആനക്കൂട്ടത്തിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ കുട്ടിയാനയെ ബൈക്കിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കോടിച്ച ആളും ആനക്കുട്ടിയും റോഡിലേക്ക് തെറിച്ചു വീണു. ആനക്കുട്ടിയ്ക്ക് അനക്കമില്ലാതായി. പിന്നീട് മാന സ്ഥലത്തെത്തി. തുടർന്ന് മാന ആനക്കുട്ടിയ്ക്ക് സി.പി.ആർ.(Cardio Pulmonary Resuscitation) നൽകാൻ തീരുമാനിച്ചു. ആനയുടെ ഹൃദയത്തിന്റെ സ്ഥാനം വീഡിയോകളിൽ കണ്ട് മാത്രം പരിചയമുണ്ടായിരുന്ന മാന ആനക്കുട്ടിയെ പരിചരിച്ചു.
അവസാനം മാനയുടെ ശ്രമം വിജയം കണ്ടു. ആനക്കുട്ടി അനങ്ങാൻ തുടങ്ങി. പത്തു മിനിറ്റിനുള്ളിൽ ആനക്കുട്ടി പതിയെ എണീറ്റു നിന്നു. പിന്നീട് കൂടുതൽ ചികിത്സക്കായി അതിനെ മറ്റൊരിടത്തേക്ക് മാറ്റി. ശുശ്രൂഷയ്ക്ക് ശേഷം കുട്ടിയെ അമ്മയുടെ അരികിൽ തിരികെയെത്തിക്കും.
ആനക്കുട്ടി അനങ്ങിയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതായി മാന പറഞ്ഞു. അപകട സമയത്ത് അമ്മയാനയും കൂട്ടത്തിലെ മറ്റാനകളും കുറച്ചകലെനിന്ന് കുട്ടിയെ വിളിക്കുന്നത് കേൾക്കാമായിരുന്നുവെന്ന് മാന പിന്നീട് പറഞ്ഞു.