
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ അപകടരഹിതമാക്കാൻ എന്തൊക്കെ ചെയ്തിട്ടും അതൊന്നും ഫലം കാണുന്നില്ലെന്നാണ് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ തെളിയിക്കുന്നത്. ഈ വർഷം 10 മാസത്തിനിടെ നഗരത്തിലുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടമായത് 51 പേർക്കാണ്. 979 അപകടങ്ങളിലായാണ് ഇത്.
സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും അപകടങ്ങൾ കുറയ്ക്കാൻ കർശന നടപടികളും ബോധവത്കരണവും നടത്തിയിട്ടും അപകടങ്ങൾക്ക് മാത്രം ഒരു കുറവില്ല. കഴിഞ്ഞ വർഷം 1,995 അപകടങ്ങളിലായി 205 പേരാണ് മരിച്ചത്. 2018ൽ ഇത് യഥാക്രമം 230 ഉം 199 ആയിരുന്നു.
വില്ലൻ അമിത വേഗവും മദ്യപാനവും
മിക്ക റോഡപകടങ്ങൾക്ക് കാരണം നിരത്തുകളിലെ അമിത വേഗവും മദ്യപിച്ച് വാഹനം ഓടിക്കുന്നതുമാണെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിൽ - മേയ് മാസങ്ങളിലെ കണക്കെടുത്താൽ ഇക്കൊല്ലം വാഹനാപകടങ്ങളിൽ കുറവുണ്ടായതായി കാണാം. അതിനുകാരണം ഇപ്പോഴും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് എന്ന വൈറസാണ്. കൊവിഡ് രൂക്ഷമായതോടെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും മദ്യശാലകൾ അടച്ചിടുകയും ചെയ്തു. ഇതോടെ വാഹനങ്ങളുടെ അമിത വേഗതയു മദ്യപിച്ചുള്ള വാഹനം ഓടിക്കലും കുറഞ്ഞതോടെ അപകടങ്ങളും കുറഞ്ഞു. എന്നാൽ ഇതിന് താൽക്കാലിക ആശ്വാസം മാത്രമെയുള്ളൂ. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ സിഗ്നൽ തെറ്റിച്ച് പോകുന്നത് ഇപ്പോഴും നഗരത്തിൽ സർവസാധാരണമാണ്.
റോഡുകളിലെ വെളിച്ചക്കുറവും രാത്രിയിലുണ്ടാകുന്ന അപകടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കുണ്ടും കുഴികളും നിറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ തെരുവ് വിളക്കുകൾ ഇല്ലാതിരിക്കുകയും ചെയ്യുന്നതോടെ അപകടസാദ്ധ്യതയേറുന്നു. പുതിയ ദേശീയപാത ബൈപ്പാസിൽ ഇപ്പോഴും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. പുത്തൻ റോഡായതിനാൽ തന്നെ രാത്രിയിൽ വാഹനങ്ങൾ വേഗപരിധി ലംഘിച്ച് ചീറിപ്പായുകയാണ് ചെയ്യുന്നത്. ഇങ്ങനെ പോകുന്ന വാഹനങ്ങൾ ഇരുചക്ര വാഹന യാത്രക്കാർക്ക് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
ബ്ളാക്ക് സ്‌പോട്ടുകൾ
കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ബ്ളാക്ക് സ്‌പോട്ട് നിർണയിക്കുന്നത്. റോഡിന്റെ 500 മീറ്റർ പരിധിയിൽ മൂന്നു വർഷത്തിനകം വിവിധ വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്താൽ ആ സ്ഥലം ബ്ലാക്ക് സ്‌പോട്ടാകും. റോഡ് നിർമ്മാണത്തിലെ പിഴവുകൾ, കൊടുംവളവ്, മുന്നറിയിപ്പുകളുടെ അഭാവം, വെളിച്ചക്കുറവ് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിക്കുന്നത്. കേരള റോഡ് സുരക്ഷാ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിൽ ജില്ലയിൽ 341 ബ്ളാക്ക് സ്‌പോട്ടുകളാണ് കണ്ടെത്തിയത്. ഇതിൽ 65ഉം നഗരത്തിനുള്ളിൽ തന്നെയാണ്. കരമന, കിള്ളിപ്പാലം, ഓവർബ്രിഡ്ജ്, പാളയം, കൈമനം, കേശവദാസപുരം, ശ്രീകാര്യം, മുട്ടത്തറ, പേട്ട, പള്ളിപ്പുറം, പള്ളിച്ചൽ, ആറ്റിങ്ങൽ എന്നിവയാണ് അപകടങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലങ്ങൾ.