farmers-protest

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരാണ് തങ്ങളുടെ രക്തം കൊണ്ട് കത്തെഴുതിയിരിക്കുന്നത്. സിഘു അതിര്‍ത്തിയിലുള്ള ക്യാമ്പിലാണ് കര്‍ഷകര്‍ രക്തം ദാനം ചെയ്യുകയും കത്തെഴുതുകയും ചെയ്തത്.

'ഗുഡ് മോര്‍ണിംഗ് നരേന്ദ്ര മോദിജീ, ഞങ്ങളുടെ രക്തം കൊണ്ടാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. ഞങ്ങളുടെ വോട്ടുകള്‍ കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നിങ്ങള്‍. ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും പാസാക്കിയതിലൂടെ കര്‍ഷകര്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.'-കത്തുകളിലൊന്നില്‍ കർഷകർ പറയുന്നു.

ഡല്‍ഹിയിലെ അതിശൈത്യത്തിലും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രതിഷേധം ശക്തിപ്പെടുത്തിയിരിക്കുകയാണ് കര്‍ഷകര്‍.

ഡല്‍ഹിയുടെ അതിശൈത്യത്തോട് പോരാടി ഇതിനോടകം തന്നെ പ്രക്ഷോഭകരില്‍ ചിലര്‍ മരണടഞ്ഞിരുന്നു. പഞ്ചാബ്, ഹരിയാന, യു പി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ പ്രധാന ഹൈവേകളിലെല്ലാം കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്.

നിരവധി മുതിര്‍ന്ന കര്‍ഷകരും സമരമുഖത്തുണ്ട്. നവംബര്‍ അവസാനം മുതല്‍ നിരവധി കര്‍ഷകരാണ് ട്രക്കുകളിലും ടാക്ടറുകളിലുമായി സമരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മുപ്പതോളം കർഷകരാണ് ഇതുവരെ മരണപ്പെട്ടതെന്നാണ് കണക്ക്. മരണങ്ങളിൽ പലതും അതിശൈത്യത്തിന്റെ ഭാഗമാണെന്നും കര്‍ഷകര്‍ പറയുന്നു.