juspaid

കൊച്ചി: കാക്കനാട് ആസ്ഥാനമായുള്ള ജസ്‌പെയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മലയാളി സ്‌റ്റാർട്ടപ്പ് കമ്പനിയുടെ ഇ-കൊമേഴ്‌സ് ബിസിനസിന് ജനുവരി ഒന്നിന് തുടക്കമാകും. ഒരുലക്ഷം കോടി രൂപ വിറ്റുവരവ് കരസ്ഥമാക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ ടി.എ. നിസാർ, മാനേജിംഗ് ഡയറക്‌ടർ ടി.എ. നിഷാദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ലൈസൻസുകളും കമ്പനി നേടി. 50ലേറെ കമ്പനികളുടെ ആയിരത്തിലധികം ഉത്‌പന്നങ്ങൾ ജസ്‌പെയ്ഡ് ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോമിൽ ലഭ്യമാണ്. 25,000 കോടി ഡോളറാണ് ഇപ്പോൾ ഇന്ത്യൻ ഇ-വിപണിയുടെ വരുമാനം. ഈ അവസരം മുതലെടുത്ത് കേരളത്തിൽ ഇ-കൊമേഴ്‌സ് ശൃംഖല വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ടി.എ. നിസാർ പറഞ്ഞു.

ഗൂഗിൾ പ്ളേസ്‌റ്റോറിൽ നിന്ന് ജസ്‌പെയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്‌തോ ജസ്‌പെയ്ഡ്.കോം വെബ്‌സൈറ്റ് വഴിയോ രജിസ്‌റ്റർ ചെയ്യാം. ഇതിന് ഫീസോ ചാർജുകളോ ഇല്ല. ജനുവരി മുതൽ പലവ്യഞ്ജനങ്ങളും ലഭ്യമാക്കും.

കൊവിഡിൽ ജീവിതം വഴിമുട്ടിയവർക്കും തൊഴിൽ നഷ്‌ടമായവർക്കും മുതൽമുടക്കോ രജിസ്‌ട്രേഷൻ ഫീസോ ഇല്ലാതെ സംരംഭകരാകാവുന്ന മൾട്ടിലെവൽ മാർ‌ക്കറ്റിംഗ് പദ്ധതികളും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട്, പാൻ, ആധാർ കാർഡ് തുടങ്ങിയവ ഉള്ളവർക്ക് രജിസ്‌റ്റർ ചെയ്യാം. ഇവർക്കും കമ്പനിയുടെ വെബ്സൈറ്റിലെ ഉത്‌പന്നങ്ങൾ വ്യാപാരം നടത്താം.

കാറ്ററിംഗ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ പ്രമുഖരായ സിൽവർ സ്‌പൂൺ കാറ്ററിംഗാണ് ജസ്‌പെയ്‌ഡിന്റെ പ്രമോട്ടർമാർ. സൈമി ജിക്‌സൺ, റാഫി മതിലകം, മിനി സുശീൽ, എൻ.ജെ. ജിക്‌സൺ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.